അൾജിയേഴ്സ്
അൾജീരിയയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അബ്ദേൽമദ്ജിദ് ടെബൊൺ രണ്ടാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പോൾ ചെയ്തതിൽ 94.7 ശതമാനം വോട്ടും നേടിയാണ് തുടർച്ച ഉറപ്പിച്ചത്. എതിരാളികളായ ഇസ്ലാമിസ്റ്റ് നേതാവ് അബ്ദേലാലി ഹസാനി ഷെറിഫിന് 3.2 ശതമാനം വോട്ടും സോഷ്യലിസ്റ്റ് സ്ഥാനാർഥി യൂസഫ് ഔചിക്ക് 2.2 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. 2.4 കോടി വോട്ടർമാരുള്ള രാജ്യത്ത് 54 ലക്ഷംപേർ മാത്രമാണ് വോട്ടുചെയ്തത്. സൈന്യത്തിന്റെ പിന്തുണയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്.