പാലക്കാട് > വിശേഷ ദിനങ്ങൾ വീട്ടിലും നാട്ടിലും മാത്രമാകുന്ന ശീലത്തിൽ നിന്ന് മലയാളി പുറത്തുകടന്നുകഴിഞ്ഞു. ആഘോഷമേതുമാകട്ടെ ഇപ്പോൾ ട്രിപ്പാണ് മുഖ്യം. ഇത്തവണ ഓണത്തിന് കേരളത്തനമിയം പാരമ്പര്യവും പ്രകൃതിഭംഗിയും ഒക്കെ ചേർത്തൊരു വൈബ് പിടിക്കാനാണോ താത്പര്യം. എന്നാൽ നേരെ പാലക്കാടേക്ക് വിട്ടോളൂ. നെല്ലിയാമ്പതിയും മലമ്പുഴയും ധോണിയും കൊല്ലങ്കോടുമെല്ലാം ചേർന്ന് ഒരു അവധി ആഘോഷത്തിനു വേണ്ടതെല്ലാം ജില്ലയിലുണ്ട്.
കൊല്ലങ്കോട്
നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. രാജ്യത്ത് കാണേണ്ട സുന്ദരമായ 10 സ്ഥലങ്ങളിലൊന്നായ ഇവിടെ എപ്പോഴും തിരക്കുതന്നെ. പഴമയുടെ ഭംഗിയും പ്രകൃതിയുടെ പ്രൗഡിയും തുളുമ്പുന്ന ഗ്രാമഭംഗി തന്നെയാണ് ഇവിടേക്ക് സഞ്ചാരുകളെ ആകർഷിക്കുന്നത്. നെൽപ്പാടങ്ങളും പാടവരമ്പുകളിൽ നീളൻവരിയായി തെങ്ങുകളും കരിമ്പനകളും മലനിരകളും വെള്ളച്ചാട്ടവും പൂച്ചെടികൾ കൊണ്ട് തീർത്ത വേലിക്കെട്ടിനുള്ളിലെ ഓലപ്പുരകളുമെല്ലാം കണ്ടാൽ 90കളിലെ ഏതോ മലയാള സിനിമ സെറ്റിലേക്ക് എത്തിപ്പെട്ടെന്ന് തോന്നും. സീതാർകുണ്ട് വെള്ളച്ചാട്ടവും ചിങ്ങൻചിറയുമെല്ലാം കൊല്ലങ്കോട് പാക്കേജിലെ പ്രത്യേകതകളാണ്.
പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്
കൊല്ലങ്കോടിന്റെ ഭംഗി ആസ്വദിച്ചശേഷം നെല്ലിയാമ്പതിയിലേക്ക് പോകുകയാണെങ്കിൽ പോത്തുണ്ടി അണക്കെട്ടിലും കുറച്ചുനേരം തങ്ങാം. ബോട്ടിങ്ങിന് സൗകര്യമുള്ള ചെറിയൊരു അണക്കെട്ടാണ് പോത്തുണ്ടിയിലേത്. യാത്രക്കിടയിൽ ഒരു ഉല്ലാസത്തിന് ഇറങ്ങാൻ യോജിച്ച സ്ഥലം. ആകാശയാത്ര ഉൾപ്പെടെ വിവിധ റൈഡുകളും കുട്ടികളുടെ പാർക്കും പ്രകൃതി ഭംഗിയുമൊക്കെയായി പോത്തുണ്ടി സുന്ദരമാണ്.
പോത്തുണ്ടിയിൽനിന്ന് പത്തോളം ഹെയർപിൻ വളവുകൾചുറ്റി മലകയറിയാൽ നെല്ലിയാമ്പതിയിലെത്താം. ചുരം കയറുമ്പോൾ വഴി നീളെ അവിടവിടെ പാലക്കാടൻ സമതലങ്ങളും നെൽപാടങ്ങളും തെങ്ങിൻ തോപ്പും കാഴ്ച വിരുന്നൊരുക്കുന്ന സ്ഥലങ്ങളുണ്ട്. മുകളിലേക്കുള്ള വഴിയിൽ ഇരുവശവും തോട്ടങ്ങളാണ്. മാനിനെയും കാട്ടുപോത്തിനെയും മലയണ്ണാനെയും സിംഹവാലൻ കുരങ്ങനെയുമെല്ലാം വഴിയോരത്തു കണ്ടുമുട്ടിയേക്കാം. മുകളിലെത്തുമ്പോൾ വിവിധ കമ്പനികളുടെ വക തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമെല്ലാം കാണാം. ഓറഞ്ച് തോട്ടങ്ങൾക്കും പ്രസിദ്ധമാണിവിടം. ഒപ്പം കിടിലൻ കാലാവസ്ഥയും.
മലമ്പുഴ
അണക്കെട്ട്, ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, അക്വേറിയം, കുട്ടികളുടെ പാർക്ക് എന്നിവയ്ക്കൊപ്പം സുന്ദരമായ പ്രകൃതിദൃശ്യവുമായാണ് മലമ്പുഴ കാത്തിരിക്കുന്നത്. കാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽപ്പം കാഴ്ചക്കാരുടെ മനംകവരുന്നു. നിരവധി സിനിമകളുടെ ലൊക്കേഷനായ കവയും തെക്കേ മലമ്പുഴയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നു.
പാലക്കാട് കോട്ട
ടിപ്പുവിന്റെ കോട്ട ചരിത്ര കാഴ്ചയൊരുക്കുന്നു. കോട്ടയും അതിനോടുചേർന്ന കിടങ്ങുമെല്ലാം പുരാതന കാലത്തിന്റെ ഓർമപ്പെടുത്തലാണ്. കോട്ടയ്ക്ക് സമീപത്തായി കുട്ടികൾക്കായി പാർക്കും ശിലാവാടികയുമുണ്ട്.
കരുവാര വെള്ളച്ചാട്ടം
സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലാണ് കരുവാര വെള്ളച്ചാട്ടം. മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റർ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാൽ കരുവാര വെള്ളച്ചാട്ടത്തിലെത്താം.
Photo:Wikimedia Commons
കുരുതിച്ചാൽ
കുമരംപുത്തൂർ പഞ്ചായത്തിൽ കുന്തിപ്പുഴയുടെ ഉത്ഭവവഴിയാണ് കുരുതിച്ചാൽ. വേനലിലും ജലപ്രവാഹത്താൽ സമൃദ്ധമാണ്.
ധോണി വെള്ളച്ചാട്ടം
സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം. കേരളത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. അടിവാരത്തുനിന്ന് നാലുകിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. തേക്ക് തോട്ടങ്ങൾക്കടുത്തുള്ള താഴ്വരയിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട ട്രക്കിങ് സഞ്ചാരികളെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ട് പോകും. രാവിലെ 9.30നും പകൽ 1.30നുമാണ് പ്രവേശനം. കൂടെ ഒരു ഗൈഡിന്റെ സേവനവും നിങ്ങൾക്ക് ലഭിക്കും.
മീൻവല്ലം വെള്ളച്ചാട്ടം
കരിമ്പ പഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് വെള്ളച്ചാട്ടം.
വരിക്കാശേരി മന
ഒട്ടേറെ സിനിമകളിലെ തറവാടാണ് വരിക്കാശേരി മന. വാണിയംകുളത്ത് സ്ഥിതിചെയ്യുന്നു. ഒറ്റപ്പാലം കുളപ്പുള്ളി റോഡിൽ സംസ്ഥാനപാതയോട് ചേർന്നുള്ള ചെറുഗ്രാമത്തിലാണ് മന.
കുഞ്ചൻ സ്മാരകം
കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയത്. വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് തുള്ളലിനെക്കുറിച്ച് പഠിക്കാം.
അനങ്ങൻമല
ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളിൽ ഒരു സീനിലെങ്കിലും അനങ്ങൻമലയുണ്ട്. മലയുടെ മുകളിൽ നിന്നുള്ള കാഴ്ച മനോഹരമാണ്. ട്രക്കിങ്ങും കുട്ടികളുടെ പാർക്കും വിശ്രമകേന്ദ്രങ്ങളും വ്യൂ പോയിൻറും ഒരു ചെറിയ വെള്ളച്ചാട്ടവും ഒക്കെ ചേർന്നൊരു പാക്കേജാണിത്. പാറക്കെട്ടിലൂടെ കുറച്ചു ദൂരം മുകളിലേക്ക് കയറണം. ഇതിനായി കൈവരികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനങ്ങൻ, കൂനൻ എന്നീ മലകളെ ബന്ധിപ്പിക്കുന്ന നടപ്പാലവും ഇവിടെയുണ്ട്. സാഹസ പ്രിയർക്കായി റോക്ക് ക്ലൈംബിങ്ങിന് പറ്റിയ പ്രദേശം കൂടിയാണിത്.
കാഞ്ഞിരപ്പുഴ ഡാം
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് കാഞ്ഞിരപ്പുഴ ഡാം. ഇതിനോട് ചേർന്ന് ഉദ്യാനവുമുണ്ട്. ബേബി ഡാമിൽ ബോട്ട് സർവീസും കുട്ട ജലഗതാഗതവുമുണ്ട്. ഡാമിൽനിന്ന് നോക്കിയാൽ വാക്കോടൻ മല കാണാം.