കൊച്ചി > ലണ്ടനിൽ നിറങ്ങൾക്കൊപ്പം സന്തോഷം പങ്കിട്ട് ജീവിക്കുകയാണ് മാള മേലടൂർ സ്വദേശി സിജോയ് ജോസ് കുരിശിങ്കൽ. വിദേശത്തെ 12-ാമത്തെ ചിത്രപ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ് മുപ്പത്തൊന്നുകാരൻ. ലണ്ടൻ സൊസൈറ്റി ഓഫ് മറൈൻ ആർട്ടിസ്റ്റ്സ് എക്സിബിഷൻ 2024ലാണ് സിജോയിയുടെ നാലു ചിത്രങ്ങൾ സ്ഥാനംപിടിക്കുക. ലണ്ടനിലെ പ്രശസ്ത ഗ്യാലറി, ലണ്ടൻ മാൾ ഗ്യാലറീസിൽ 19 മുതൽ 28 വരെയാണ് സംഘചിത്രപ്രദർശനം.
വിദേശത്ത് പത്ത് സംഘചിത്രപ്രദർശനവും ഒരു സോളോ പ്രദർശനവും നടത്തി. ലണ്ടനിലെ ഹോളി ആർട്ട്, ബൂമർ, തോൺത്ത്വെയ്റ്റ് ഗ്യാലറീസ് ആൻഡ് ടീ റൂംസ് ഗ്യാലറികളിലും പ്രദർശനങ്ങൾ നടത്തി. സ്കൂൾ, കോളേജ് സമയത്ത് ചിത്രങ്ങൾ വരച്ചിരുന്ന സിജോയ് ലണ്ടനിൽ ഇന്റർനാഷണൽ ബിസിനസ് പഠിക്കാനെത്തിയശേഷം ചിത്രകലാരംഗത്തേക്ക് തിരിയുകയായിരുന്നു. ലാൻഡ്സ്കേപ് ചിത്രങ്ങൾ വരച്ചാണ് ലണ്ടനിൽ കലാജീവിതം ആരംഭിച്ചത്. ഓയിൽ പെയിന്റിങ്ങും ലോഹശിൽപ്പങ്ങളുമാണ് ഇപ്പോൾ പ്രിയം. ചാർക്കോൾ പെയിന്റിങ്, പെബിൾ ആർട്ട്, വയർ ആർട്ട് എന്നിവയും ചെയ്തിട്ടുണ്ട്. ടാറ്റൂ ആർട്ടിസ്റ്റുകൂടിയാണ്.
2022ൽ എംഎയുകെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പോർട്രെയിറ്റ് മത്സരത്തിൽ ഒന്നാംസമ്മാനം നേടി. ആംസ്റ്റർഡാമിലെ ആർട്ടിസ്റ്റ് ക്ലോസപ്പ് മാഗസിനിൽ സിജോയ്യെക്കുറിച്ച് ലേഖനം വന്നിരുന്നു. സ്കോട്ട്ലൻഡിലെ കമ്പ്രിയയിലാണ് താമസം. സിജോയ്യുടെ ചിത്രങ്ങൾ ‘സീ ദി ജോയ് ഓഫ് കളേഴ്സ്’ എന്ന വെബ്സൈറ്റിലും ഇൻസ്റ്റഗ്രാം പേജിലും കാണാം.