തിരുവനന്തപുരം
നാട്ടിലാകെ ഓണപ്പൂക്കളം വിടരുമ്പോൾ കൃഷി വകുപ്പിനും ആഹ്ലാദിക്കാൻ വകയുണ്ട്. കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയുമായി ചേർന്ന് കൃഷിയിറക്കിയ 841.83 ഹെക്ടർ പൂപ്പാടങ്ങളാണ് ഇത്തവണ വിളവെടുക്കുന്നത്. ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമല്ലി ഇനങ്ങളാണ് കൂടുതൽ. 214 ഹെക്ടറിൽ വിത്തെറിഞ്ഞ തിരുവനന്തപുരം ജില്ലയിലാണ് മുന്നിൽ. കൃഷി വകുപ്പിന്റെ ‘പൂവനി’പദ്ധതിവഴിയാണ് കൃഷി വ്യാപിപ്പിച്ചത്. കൂടുതൽ സ്ഥലത്ത് കൃഷിയിറക്കിയത് നേമം ബ്ലോക്ക് പഞ്ചായത്താണ്. 47 ഹെക്ടർ. പഞ്ചായത്തുകളിൽ മുന്നിൽ പള്ളിച്ചലാണ്. 20 ഹെക്ടർ. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ കാട്ടാക്കട മണ്ഡലത്തിൽ മാത്രം 37 ഹെക്ടർ കൃഷി കൂടുതലായി നടന്നു. ആകെ 7500 ടൺ ഉൽപ്പാദനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഓണക്കാലത്ത് മാത്രമല്ല മറ്റുസീസണിലും കൃഷിയിറക്കാൻ പലരും തയ്യാറാണ്. മികച്ച വിപണി ലഭ്യമാക്കണമെന്നാണ് ആവശ്യം. ഓണത്തിന് അടുത്ത ദിവസങ്ങളിൽ മാത്രമാണ് ഉയർന്ന വില കിട്ടുക. മികച്ച വിത്ത് നൽകുന്നതിനും വിപണി ഒരുക്കുന്നതിനും കൃഷി വകുപ്പ് നടപടി ആരംഭിച്ചു.