ഗാസ സിറ്റി
ഗാസ സിറ്റിയിലും ജബലിയയിലും അഭയാർഥികളെ പാർപ്പിച്ചിരുന്ന സ്കൂളുകളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഗാസ സിവിൽ എമർജൻസി സർവീസിന്റെ ഡെപ്യൂട്ടി ഡയറക്ടർ മൊഹമ്മദ് മൊർസി ഉൾപ്പെടെയുള്ളവരാണ് ജബലിയ ക്യാമ്പിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വിവിധ നടന്ന ആക്രമണങ്ങളിൽ 33 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,972 ആയി.
അതിനിടെ വെസ്റ്റ് ബാങ്കിന്റെയും ജോർദാന്റെയും അതിർത്തിയിൽ അക്രമിയുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. ജോർദാനിൽനിന്ന് ട്രക്കിൽ വന്ന ആക്രമി അലൻബി പാലത്തിൽനിന്ന് ഇസ്രയേൽ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സാധാരണ ഇസ്രയേലി പൗരരാണ് കൊല്ലപ്പെട്ടത്. അക്രമിയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. അതേസമയം, ഗാസയിലെ 69 ശതമാനം കുട്ടികൾക്കും പോളിയോ വാക്സിന്റെ ആദ്യഡോസ് നൽകിയതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.