ന്യൂയോർക്ക് > യുഎസ് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ ഇന്ന് ഇറ്റലിയുടെ യാന്നിക് സിന്നർ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ നേരിടും. സെമിയിൽ ലോക ഒന്നാംറാങ്കുകാരനായ സിന്നർ 7–-5, 7–-6, 6–-2ന് ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പെറെ തോൽപ്പിച്ചു. ഈവർഷം ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ഇരുപത്തിമൂന്നുകാരന്റെ ആദ്യ യുഎസ് ഓപ്പൺ ഫൈനലാണ്. ഈ വേദിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റലിക്കാരൻ എന്ന ബഹുമതിയും സ്വന്തമാക്കി.
പന്ത്രണ്ടാം റാങ്കുകാരനായ ഫ്രിറ്റ്സ് നാട്ടുകാരനായ ഫ്രാൻസിസ് തിയാഫോയെ അഞ്ചുസെറ്റ് പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോർ: 4–-6, 7–-5, 4–-6, 6–-4, 6–-1. അമേരിക്കൻ പുരുഷതാരം 15 വർഷത്തിനുശേഷമാണ് ഫൈനലിലെത്തുന്നത്. ഇരുപത്താറുകാരന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണ്.
വനിതാ സിംഗിൾസ് ഫൈനൽ ബെലാറസിന്റെ അറീന സബലെങ്കയും അമേരിക്കയുടെ ജെസീക പെഗുലയും തമ്മിലാണ്. മുപ്പതുകാരിയായ പെഗുല ആദ്യ ഗ്രാൻസ്ലാം കിരീടമാണ് പ്രതീക്ഷിക്കുന്നത്.