തൃശൂർ
ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ ‘കവച് ’ കേരളത്തിലും. എറണാകുളം –- ഷൊർണൂർ റെയിൽപ്പാതയിലാണ് ആദ്യമായി സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നത്. 67.99 കോടി രൂപ ചെലവിൽ 106 കിലോമീറ്റർ ദൂരത്താണ് പദ്ധതി നടപ്പാക്കുക. ഇതിന് റെയിൽവേ ദർഘാസ് ക്ഷണിച്ചു.
കേരളത്തിലെ ഏറ്റവും തിരക്കേറിയ എറണാകുളം– ഷൊർണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിങ്ങിനൊപ്പം “കവച്’ കൂടി വരുന്നതോടെ ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗം വർധിപ്പിക്കാനും കഴിയും. എൻജിനിലും റെയിലുകൾക്കിടയിലും കവച് സ്ഥാപിക്കും. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസുമായി ബന്ധിപ്പിക്കും. രണ്ട് ട്രെയിൻ ഒരേപാതയിൽ നേർക്കുനേർ വന്നാൽ നിശ്ചിതദൂരത്ത് രണ്ടു ട്രെയിനിനും ബ്രേക്ക് വീഴുന്നതാണ് സംവിധാനം. എസ്ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ട്രാഫിക് കോളീഷൻ അവോയിഡൻസ് സിസ്റ്റം (ടിസിഎഎസ്) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (എടിപി) എന്നും കവച് അറിയപ്പെടുന്നു. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലഖ്നൗവിൽ പ്രവർത്തിക്കുന്ന റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമാണിത്. രാജ്യത്തെ 68,000 കിലോമീറ്റർ റെയിൽ ശൃംഖലയിൽ 1465 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ കവച് സംവിധാനമുള്ളത്.