സമൃദ്ധിയുടെ ഉത്സവകാലത്ത് മലയാളികളുടെ കൈയും മനസ്സും നിറയാൻ സർക്കാരും ഒപ്പം ചേരുന്നു. പ്രതിസന്ധികളെല്ലാം അതിജീവിച്ച് ക്ഷേമപെൻഷനും ബോണസും ഉത്സവബത്തയും ഓണച്ചന്തയും ഓണവിഭവങ്ങളുമായി ഒന്നിനും ഒരു കുറവുമില്ലാതെ. ഓണത്തിന്റെ ആർപ്പുവിളികളിൽ പുത്തനുടുപ്പും വിഭവങ്ങളുമായി നാടാകെ ചേർന്നുനിൽക്കട്ടെ. ഒരുമയുടെ പൂക്കളം വിരിയട്ടെ
ജീവനക്കാർ ഹാപ്പി
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും അതേ നിരക്കിലാണ് ഈ വർഷം ഉത്സവബത്ത. 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായമെത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഹരിതകര്മസേനയ്ക്കും ഉത്സവബത്ത
ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവ ബത്തയായി ആയിരം രൂപ വീതം നൽകും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് തുക നൽകുക. കഴിഞ്ഞ വർഷവും തുക അനുവദിച്ചിരുന്നു. 34,627 സേനാംഗങ്ങളാണുള്ളത്.
62 ലക്ഷം പേർക്ക് 2 ഗഡു ക്ഷേമപെൻഷൻ
സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി അറുപത്തിരണ്ടു ലക്ഷത്തോളം പേർക്ക് രണ്ടുമാസത്തെ സാമൂഹ്യ ക്ഷേമ, ക്ഷേമനിധി പെൻഷൻ. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണിത്. ഫലത്തിൽ ഓരോരുത്തർക്കും 4800 രൂപ വീതം. രണ്ട് ഗഡു ക്ഷേമ പെൻഷൻ നൽകാൻ 1700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ച വിതരണം തുടങ്ങും.
26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തും. അനുവദിച്ച രണ്ട് ഗഡുവിൽ ഒന്ന് കുടിശ്ശികയാണ്. സാമ്പത്തിക ഞെരുക്കം കാരണമുണ്ടായ ക്ഷേമപെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകിത്തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസിയിൽ ഒറ്റഗഡു
കെഎസ്ആർടിസി ജീവനക്കാർക്ക് 11ന് മുമ്പ് ഒറ്റഗഡുവായി ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ.