ന്യൂഡൽഹി > നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് (88) അന്തരിച്ചു. ഏഷ്യൻ സിനിമകളെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിന് വലിയ പങ്ക് വഹിച്ച അരുണ ഏഷ്യൻ സിനിമയുടെ മാതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഫെസ്റ്റിവൽ ഡയറക്ടർ, ക്യുറേറ്റർ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചു. സിനിമായ എന്ന ഒരു ഫിലിം ജേർണൽ അരുണയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു അന്ത്യം. ഭർത്താവ് പരേതനായ സുനിൽ കുമാർ റോയി ചൗധരി ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു.