തിരുവനന്തപുരം> പാപ്പനംകോട് തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചതിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്. കൊല്ലപ്പെട്ട ഇൻഷൂറൻസ് ഏജൻസി ജീവനക്കാരി വൈഷ്ണയുടെ രണ്ടാം ഭർത്താവാണ് ഇതെന്നാണ് നിഗമനം.
കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. എ.സി. പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് അപകട കാരണമെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടുള്ള പരിശോധനകളിൽ തീപ്പിടിത്തം ആസൂത്രിതമാണെന്ന സംശയം ബലപ്പെട്ടു.
സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണം. സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപേ ഒരാൾ കയറി പോകുന്നത് കാണാം. ഇത് ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കയറിപ്പോയ വ്യക്തി തിരിച്ച് ഇറങ്ങിയിട്ടുമില്ല. ബിനുവിന്റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ ബിനുവിനെ നാട്ടിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
നഗരത്തെ നടുക്കിയ തീപ്പിടിത്തം
തിരുവനന്തപുരം പാപ്പനംകോട്ട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി പാപ്പനംകോട് ദിക്ക്ബലികളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ(35)യാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാൾ വൈഷ്ണയുടെ ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോഴാണ് സമീപവാസികൾ ശ്രദ്ധിക്കുന്നത്. പാപ്പനംകോട് സിഗ്നലിനു സമീപത്തെ കെട്ടിടത്തിലെ ഒന്നാംനിലയിലെ ചെറിയ മുറിക്കുള്ളിലാണ് തീ പടർന്നത്. ശീതീകരിച്ച ഓഫീസിന്റെ കണ്ണാടിച്ചില്ലുകൾ പൊട്ടിത്തെറിച്ചു. പരിസരത്തുണ്ടായിരുന്നവരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഇതിനാൽ സമീപത്തെ കടകളിലേക്കു തീ പടരുന്നത് ഒഴിവായി. ഇടുങ്ങിയ പടിക്കെട്ടും മുറിയുമായതിനാൽ തീ കെടുത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കഷ്ടിച്ച് രണ്ട് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ചെറിയ മുറിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും സാധനങ്ങളുമല്ലൊം കത്തിനശിച്ചു.
ഫൊറൻസിക് പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഒരു കത്തി കണ്ടെത്തി. മണ്ണെണ്ണപോലെ തീ കത്തിക്കുന്ന ഒരു ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കത്തിയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.
കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് വൈഷ്ണ സഹോദരനെ വിളിച്ചു
ആറു മാസം മുൻപ് വൈഷ്ണയുടെ ഭർത്താവ് ബിനു എജൻസി ഓഫീസിലെത്തി ബഹളം െവച്ചിരുന്നു. ഇതുസംബന്ധിച്ച് നേമം പോലീസിൽ പരാതി നൽകിയിരുന്നു. ബിനു വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുന്നതായി വൈഷ്ണ സഹോദരൻ വിഷ്ണുവിനെ സംഭവത്തിനു തൊട്ടുമുൻപ് വിളിച്ചറിയിച്ചിരുന്നു. വിഷ്ണു എത്തുന്നതിനു മുൻപുതന്നെ എജൻസി ഓഫീസിൽ തീപ്പിടിത്തമുണ്ടായി. നേമം സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പാപ്പനംകോട് സ്വദേശി സെയിനുലാബ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏഴു വർഷമായി വൈഷ്ണ ഈ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.
നാലു വർഷം മുൻപ് വൈഷ്ണ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീടാണ് ബിനുവിനെ വിവാഹംകഴിച്ചത്. ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്. സുധകലയാണ് വൈഷ്ണയുടെ അമ്മ. മക്കൾ: ദേവദേവ്, വർഷ.