കൊച്ചി
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ എല്ലാ വായ്പ സേവനങ്ങളും ഇനി ഓൺലൈനിൽ. വെബ് സൈറ്റ് വ്യവസായമന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു. വായ്പ പോർട്ട് ഫോളിയോ 1000 കോടി രൂപ കവിഞ്ഞതിന്റെ ആഘോഷപരിപാടികളും മന്ത്രി ഉദ്ഘാടനം ചെയ്തു.
വായ്പ നടപടിക്രമങ്ങൾ സുതാര്യവും ലളിതവും സമയബന്ധിതവുമാക്കാൻ പുതിയ വെബ്സൈറ്റ് സഹായിക്കും. കെഎസ്ഐഡിസിക്ക് 224 കമ്പനികളിൽ ഓഹരി ഉണ്ടായിരുന്നു. നിലവിൽ 74 കമ്പനികളിലായി 115.7 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ നിലവിലെ വിപണിമൂല്യം 1000 കോടി കവിഞ്ഞെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എംഡി എസ് ഹരികിഷോർ, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, കെഎസ്ഐഡിസി ഡയറക്ടർമാരായ അഡ്വ. കെ ആനന്ദ്, പമേല അന്ന മാത്യു, ബാബു എബ്രഹാം കള്ളിവയലിൽ, സി ജെ ജോർജ് എന്നിവർ സംസാരിച്ചു. 15 വർഷമായി കെഎസ്ഐഡിസിയുമായി സഹകരിക്കുന്ന 17 വ്യവസായികളെ ചടങ്ങിൽ ആദരിച്ചു.