ഗാസ സിറ്റി
കടുത്ത ആക്രമണത്തിനിടയിലും ഗാസയിൽ പോളിയോ വാക്സിനേഷൻ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന. മധ്യ ഗാസയിലാണ് നിലവിൽ വാക്സിൻ വിതരണം. വ്യാഴം മുതൽ തെക്കൻ മേഖലയിൽ തുടങ്ങും. പത്തുവയസ്സിന് താഴെയുള്ള മൂന്നുലക്ഷത്തിലധികം കുട്ടികളും തെക്കൻ മേഖലയിലാണ്.
ജബാലിയ അഭയാർഥി ക്യാമ്പിന് സമീപം ബ്രെഡ്ഡിനായി വരിനിന്ന എട്ടുപേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഹമാസ് തുരങ്കം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ആക്രമണം തുടരുന്ന സൈന്യം രണ്ട് കൗമാരക്കാരെ വെടിവച്ച് കൊന്നു.
അതിനിടെ, ഇസ്രയേൽ കരസേനാ മേധാവി മേജർ ജനറൽ തമിർ യദായി രാജിവച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.