വാഷിങ്ടൺ
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഉപയോഗിച്ചിരുന്ന വിമാനം ഡൊമിനിക്കൻ റിപ്പബ്ലിക്കില് നിന്ന് റാഞ്ചി അമേരിക്ക. അമേരിക്കയിൽ നിന്ന് കടലാസുകമ്പനി വഴിയാണ് വെനസ്വേല മഡൂറോയുടെ ഉപയോഗത്തിനായി “ദസ്സോ ഫാൽക്കൺ 900ഇഎക്സ്’ എന്ന വിമാനം വാങ്ങിയെന്നാരോപിച്ചാണ് നടപടി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഫോർട്ട് ലോഡർഡേൽ എക്സിക്ക്യുട്ടീവ് വിമാനത്താവളത്തിൽ നിന്നാണ് വിമാനം തിങ്കളാഴ്ച അമേരിക്ക കടത്തികൊണ്ടുപോയത്. ഒരു കോടി മുപ്പത് ലക്ഷം ഡോളർ (109 കോടി രൂപ) നല്കിയാണ് വെനസ്വേല വിമാനം സ്വന്തമാക്കിയത്.
യുഎസ് പിന്തുണച്ച സ്ഥാനാർഥിയെ തോൽപ്പിച്ച് വെനസ്വേലയിൽ മഡൂറൊ വീണ്ടും അധികാരത്തിലേറിയ സാഹചര്യത്തിലാണ് നടപടി. വെനസ്വേയിലെ സർക്കാർ ഉടമസ്ഥതയിലുള്ള 55 വിമാനങ്ങളെ യുഎസ് ഉപരോധിച്ചിട്ടുണ്ട്.
അമേരിക്കയുടെ നിയമവിരുദ്ധ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് വെനസ്വേല രംഗത്തെത്തി. അന്താരാഷ്ട്രസമൂഹത്തെ നോക്കുകുത്തിയാക്കി നിയമവിരുദ്ധമായി മറ്റൊരു രാജ്യത്ത് കടന്നുകയറി അമേരിക്ക വിമാനം തട്ടിയെടുത്തു. അമേരിക്ക സൈനിക-, സാമ്പത്തികശേഷി ഉപയോഗിച്ച് ഡൊമനിക്കന് റിപ്പബ്ലിക്കിനെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധപ്രവര്ത്തനത്തിന് കൂട്ടാളിയാക്കി. അന്താരാഷ്ട്രസമൂഹം ഈ നീക്കത്തെ ശക്തമായി എതിര്ക്കണം. രാജ്യത്തിനുണ്ടായ നഷ്ടം നികത്താന് നിയമപരമായ നീക്കം നടത്താന് വെനസ്വേല ബാധ്യസ്ഥമാണെന്നും അറിയിച്ചു.