പാലക്കാട്
തുച്ഛവിലയ്ക്ക് കേന്ദ്രം വിൽക്കാൻ നിശ്ചയിച്ച പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ചുരുങ്ങിയ ചെലവിൽ വന്ദേഭാരത് ട്രെയിൻ നിർമിച്ച് ചരിത്രം സൃഷ്ടിച്ചു. 16 കോച്ചുള്ള ട്രെയിനിന്റെ എഞ്ചിൻ ഉൾപ്പെടെ 67.5 കോടിയ്ക്കാണ് നിർമിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാർ, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് സ്വകാര്യ കമ്പനി 120 കോടിയ്ക്കാണ് ഇത് ടെൻഡർ ചെയ്തിരുന്നത്. അവിടെയാണ് പകുതി ചെലവിൽ ബെമൽ ചരിത്രം സൃഷ്ടിച്ചത്.
160 മുതൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന 16 കോച്ചുള്ള 80 വന്ദേഭാരത് ട്രെയിൻ നിർമിക്കാനാണ് റെയിൽവേ തീരുമാനിച്ചത്. ഇതിന് 9600 കോടിയാണ് ചെലവ്. എന്നാൽ ബെമലിന് 5400 കോടിക്ക് ഇത് നിർമിച്ചുനൽകാനാകും. നിലവിൽ 675 കോടിക്ക് പത്ത് ട്രെയിൻ സെറ്റ് നിർമിക്കാനുള്ള ടെൻഡറാണ് ബെമലിനുള്ളത്. കഞ്ചിക്കോട് ഉൾപ്പെടെ നാല് നിർമാണ യൂണിറ്റാണുള്ളത്. ബംഗളൂരു യൂണിറ്റാണ് വന്ദേഭാരത് സ്ലീപ്പർ കോച്ച് നിർമിച്ചത്.
56,000 കോടി ആസ്തിയുള്ള മിനി നവരത്ന കമ്പനിയെ 1800 കോടി രൂപ വിലയിട്ടാണ് കേന്ദ്രം വിൽക്കാൻ തീരുമാനിച്ചത്. വിൽപ്പനയ്ക്കെതിരെ 1327 ദിവസമായി ജീവനക്കാർ സമരത്തിലാണ്. വന്ദേഭാരത് ട്രെയിൻ കൂടി നിർമിച്ചതോടെ ബെമലിന്റെ ഓഹരിവില 3600ൽ നിന്ന് 5000 രൂപയായി ഉയർന്നു.
എൻജിൻ ഉൾപ്പെടെ
16 കോച്ച്
ബെമൽ നിർമിച്ച വന്ദേഭാരത് ട്രെയിനിൽ എൻജിൻ ഉൾപ്പെടെ 16 കോച്ചുണ്ട്. മറ്റ് ട്രെയിനുകളെപ്പോലെ ഒരു കോച്ച് പൂർണമായും എഞ്ചിന് മാറ്റിവയ്ക്കേണ്ട. പകുതി മാത്രം. 11 എസി ത്രീ ടയർ കോച്ച്, നാല് എസി ടു ടയർ, എസി ഫസ്റ്റ് ക്ലാസ് ബർത്ത് ഉൾപ്പെടെ 823 ബർത്തുകളുണ്ട്.