തിരുവനന്തപുരം
അമ്മയായതിനാൽ ജോലിക്ക് പോകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാകാത്തവർക്കായി “അങ്കണവാടി കം ക്രഷെ’കൾ സംസ്ഥാവ്യാപകമാക്കാൻ വനിതാശിശു വികസന വകുപ്പ്. 304 സ്ഥാപനങ്ങൾ തുടങ്ങാൻ ഉത്തരവിറക്കി. അമ്മമാർ ജോലിക്ക് പോകുമ്പോൾ ആറുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ സുരക്ഷിതമായി വിടാനൊരിടമാണ് ലക്ഷ്യം.
കേന്ദ്ര, സംസ്ഥാന വിഹിതം (60:40) ഉപയോഗപ്പെടുത്തിയാണ് “പാൽന’ പദ്ധതി. യൂണിറ്റ് ഒന്നിന് ഒരു വർഷത്തേക്ക് 3,35,600 രൂപ ഗ്രാന്റ് അനുവദിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. മനുഷ്യവിഭവ ശേഷി, സാധനസാമഗ്രികളുടെ ലഭ്യത, കുട്ടികളുടെ സുരക്ഷ, വീടിന്റേതായ അന്തരീക്ഷം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക.
തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന പ്രധാന അങ്കണവാടികൾക്കൊപ്പമോ, സ്ഥലസൗകര്യമുള്ള മറ്റൊരിടം കണ്ടെത്തിയോ ആകും സംവിധാനം തുടങ്ങുക. വനിതാശിശു വികസന വകുപ്പ് പ്രതിനിധി, ശിശുവികസന പ്രൊജക്ട് മാനേജർ, തദ്ദേശസ്ഥാപന അധ്യക്ഷർ എന്നിവർ അംഗങ്ങളായ സമിതി ക്രഷെ വർക്കർ, ഹെൽപ്പർ എന്നിവരെ അഭിമുഖം നടത്തി നിയമിക്കും. പ്രധാനമായും നഗരമേഖലയിലാകും പ്രവർത്തനം. ക്രഷെ സൗകര്യം ജോലിയുള്ളവരുടെ മക്കൾക്കുമാത്രമായി ചുരുക്കുകയുമില്ല.
സംസ്ഥാനതല സമിതി നാലുമാസത്തിലൊരിക്കലും ജില്ലാതല സമിതികൾ ഓരോ മാസവും അവലോകന യോഗം ചേരും. 2023 ഡിസംബറിൽ പദ്ധതി മാർഗനിർദേശങ്ങൾ കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം പുറത്തുവിട്ടിരുന്നു.