തിരുവനന്തപുരം
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിലും ഹിറ്റ്. വ്യവസായ വകുപ്പ് ആരംഭിച്ച ഇ- കോമേഴ്സ് പോർട്ടൽ കെ ഷോപ്പി (Kshoppe.in) രണ്ട് ദിവസത്തിനിടെ സന്ദർശിച്ചത് രണ്ടുലക്ഷം പേർ. 800 പേർ രജിസ്റ്റർ ചെയ്തു. 60 ഉൽപ്പന്നങ്ങൾക്ക് ഓർഡർ ലഭിച്ചു. നിലവിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 380ഓളം ഉൽപ്പന്നങ്ങളാണ് കെ ഷോപ്പിയിലുള്ളത്. ബിപിടിയുടെ (ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ) മേൽനോട്ടത്തിൽ കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്.
ഓർഡർ ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. നിലവിൽ രാജ്യത്ത് എവിടെയും കെ ഷോപ്പിയിലൂടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. അടുത്തഘട്ടമായി രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുകയും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.