തിരുവനന്തപുരം
എം മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കണം എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷ് ഒഴിയണമെന്നാണ് നിലപാട്. എംഎൽഎ ആയതുകൊണ്ട് കേസന്വേഷണത്തിൽ ഒരാനുകൂല്യവും നൽകില്ല. നീതി എല്ലാവർക്കും ഒരുപോലെയാവണം. എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കുറ്റംചെയ്തെന്ന് തെളിഞ്ഞാൽ ആവശ്യമായ നിലപാട് പാർടി സ്വീകരിക്കും.
കുറ്റാരോപിതൻ ധാർമികതയുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവച്ചാലും നിരപരാധിയാണെന്ന് തെളിഞ്ഞാൽ ധാർമികമായി തിരികെ വരാനാകില്ല. തെരഞ്ഞെടുപ്പ് നിയമമാണ് അവിടെ ബാധകം. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന ഈ പശ്ചാത്തലത്തിലുള്ളതാകാം.
നാഷണൽ ഇലക്ഷൻ വാച്ച് റിപ്പോർട്ടിൽ 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. 54 പേർ ബിജെപിയുടെയും 23 പേർ കോൺഗ്രസിന്റെയും 17 പേർ ടിഡിപിയുടെയും 13 പേർ എഎപിയുടെയും പ്രതിനിധികളാണ്. ഇവരാരും രാജിവച്ചിട്ടില്ല. കേരളത്തിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിൽ കിടന്നു.
ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ, പീതാംബരക്കുറുപ്പ്, ശശി തരൂർ എന്നിവർക്കെതിരെ ആരോപണങ്ങളുയർന്നപ്പോഴും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവച്ചില്ല. എന്നാൽ മന്ത്രിസ്ഥാനം രാജിവച്ചവരുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും നീലലോഹിതദാസൻ നാടാരും ജോസ് തെറ്റയിലും മന്ത്രിസ്ഥാനം മാത്രം രാജിവച്ചവരാണ്. ആ സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ പാടില്ല എന്നതുകൊണ്ടാണ് മാറ്റിനിർത്തുന്നത്–- എം വി ഗോവിന്ദൻ പറഞ്ഞു.