കൊച്ചി> മലയാള സിനിമാമേഖലയിൽ ഇപ്പോൾ നടക്കുന്നത് വെറും മീടൂ ആരോപണങ്ങൾ മാത്രമല്ലെന്നും അതിൽ നിന്നും ഒരുപാട് വളർന്നിരിക്കുന്നുവെന്നും നടി രേവതി. ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ഇത് വെറും മീറ്റൂആരോപണങ്ങൾ മാത്രമല്ല. അതിൽ നിന്നും ഒരുപാട് മുന്നോട് പോയിരിക്കുകയാണ്. ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നുമില്ല. കമ്മിറ്റി ശുപാർശ ചെയ്തത് പ്രകാരം മലയാളം സിനിമാമേഖലയിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാനുണ്ട്. സുരക്ഷിതമായതും തുല്യവുമായ തൊഴിലിടങ്ങൾ എല്ലാവര്ക്കും സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.’ രാധിക പറഞ്ഞു.
റിപ്പോർട്ടിൽ പകുതിഭാഗങ്ങളിലും ലൈംഗികാതിക്രമങ്ങളെ പറ്റിയാണ് സംസാരിക്കുന്നത് എന്നത് ശരിയാണ്. പക്ഷെ അത് മാത്രമല്ല മേഖലയിലെ മറ്റു പ്രശ്നങ്ങൾ കൂടി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയും ഗൗരവതരമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മെച്ചപ്പെട്ട തൊഴിലിടം ഉറപ്പാക്കണമെന്നും രേവതി കൂട്ടിച്ചേർത്തു.
“ഈ മൂവ്മെന്റ് സ്വന്തമായ ഗതിവേഗം കണ്ടെത്തിക്കഴിഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. ആരെയും ആരുടെയും മുന്നിൽ നാണംകെടുത്താൻ വേണ്ടിയല്ല ഇതൊന്നും. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും രേവതി പറഞ്ഞു.