തിരുവനന്തപുരം
സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്കുള്ള ചെലവു ചുരുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത് കേന്ദ്ര സർക്കാർ തുടരുന്ന നിഷേധാത്മക സമീപനം. അർഹമായ വിഹിതം നൽകാതെ കേന്ദ്രം ഞെരുക്കുമ്പോഴും ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് തൽക്കാലം വികസനച്ചെലവ് ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന നിശ്ചയദാർഢ്യമാണ് ഈ തീരുമാനത്തിനും പിന്നിൽ. പശ്ചാത്തല സൗകര്യവികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും എൽഡിഎഫ് സർക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നത്. മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ് ലൈൻ, ഇടമൺ പവർഹൈവേ എന്നിവയും വിഴിഞ്ഞം തുറമുഖവും യാഥാർഥ്യമാകാൻ നടപടിയെടുത്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ലോകനിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമൊരുക്കി. ഇതിനൊപ്പം ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് മുടങ്ങിയ ഇരുപതു മാസത്തെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുകയും പെൻഷൻ 1600 ആയി വർധിപ്പിക്കുകയും ചെയ്തു. ലൈഫിൽ നാലു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീടൊരുക്കി. കോവിഡ് കാലത്തും ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമായിരുന്നു.
കിഫ്ബി വഴി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഈ ഘട്ടത്തിലാണ് കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി മുൻകാല പ്രാബല്യത്തോടെ വായ്പാപരിധി വെട്ടിക്കുറച്ചത്. 12,560 കോടിയുടെ വെട്ടിക്കുറവാണ് വരുത്തിയത്. കേന്ദ്രം നൽകുന്ന ഗ്രാന്റിൽ 2021നുശേഷമുള്ള മൂന്നു വർഷത്തിൽ 19,000 കോടിയാണ് കുറച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതത്തിലും വെട്ടിക്കുറവ് വരുത്തിയതിനാൽ ആ ബാധ്യതകൂടി സംസ്ഥാനത്തിനു ഏറ്റെടുക്കേണ്ടി വന്നു. കേന്ദ്രം സൃഷ്ടിച്ച ഈ പ്രതിസന്ധികൾക്കിടയിലും തനതു നികുതിവരുമാനം വർധിപ്പിച്ചാണ് സംസ്ഥാനം പിടിച്ചുനിന്നത്. കേന്ദ്ര സർക്കാർ ഈ സമീപനം തുടരവെ ക്ഷേമപ്രവർത്തനങ്ങൾ അടക്കം മുടങ്ങുമെന്ന സാഹചര്യത്തിലാണ് ഇപ്പോൾ വികസനച്ചെലവു ചുരുക്കാൻ നിർബന്ധിതമായത്. ക്ഷേമാനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അഞ്ചു ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയിൽ രണ്ടു ഗഡു ഈ വർഷവും മൂന്നു ഗഡു അടുത്ത വർഷവും വിതരണം ചെയ്യും. ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ആനുകൂല്യങ്ങളും കൊടുത്തുതീർക്കും.
ആരോഗ്യമേഖലയിലെയും സപ്ലൈകോയിലെയും കുടിശ്ശിക വിതരണം ചെയ്യാൻ നടപടിയായി. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് കുടിശ്ശികയും നൽകി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ, ഡിആർ, ശമ്പളപരിഷ്കരണ കുടിശ്ശിക കൊടുത്തു തീർക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.