ഗാസ > പോളിയോ വാക്സിൻ നൽകാനായി ഗാസയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലെ മൂന്നു മേഖലകളിൽ മൂന്നു ദിവസം വീതം പരിമിത വെടിനിർത്തലിനാണ് സൈന്യം സമ്മതിച്ചിരിക്കുന്നത്. മധ്യ ഗാസ, തെക്കൻ ഗാസ, വടക്കൻ ഗാസ എന്നീ ക്രമത്തിൽ മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണു വെടിനിർത്തൽ.
ഗാസയിലുടനീളമുള്ള അതീവ മലിനമായ ചുറ്റുപാടിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടത്തും വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു വയസ്സുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. 25 വർഷത്തിനിടെ ആദ്യമായായിരുന്നു ഗാസയിൽ പോളിയോ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി വാക്സിനേഷൻ നടത്തണമെന്നു ചൂണ്ടിക്കാട്ടി ഡബ്ല്യുഎച്ച്ഒ രംഗത്തിറങ്ങിയത്. വെടിനിർത്തലിനായി ഇസ്രായേലുമായി ചർച്ചകളും നടന്നു.
ഞായറാഴ്ച മുതലാകും വാക്സിൻ നൽകുക. വാക്സിൻ നൽകുന്നതോടെ എല്ലാത്തിനും പ്രതിവിധിയാകുന്നില്ലെന്നും നിലവിൽ പ്രായോഗികമായ ഒരേയൊരു വഴി ഇത് മാത്രമാണെന്നും ഡബ്ല്യുഎച്ച്ഒയുടെ ഗാസയിലെ പ്രതിനിധി റിക്ക് പീപെർകോൺ പറഞ്ഞു. വാക്സിനേഷന് ആവശ്യമായ സജ്ജീകരണങ്ങൾ ഉടൻ ഗാസയിലെത്തിക്കും. പത്ത് വയസിൽ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.