വാഷിങ്ടൺ > അമേരിക്കയെ വിഭജിക്കാനുള്ള അജണ്ടയും അഭിലാഷവുമായി നടക്കുന്നയാളാണ് ഡൊണാൾഡ് ട്രംപെന്ന് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ്. ട്രംപിന്റെ യാഥാർഥ്യം രാജ്യത്തെ ജനത തിരിച്ചറിയുന്നുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ കമല ഹാരിസ് പറഞ്ഞു.
അമേരിക്കയുടെ പൈതൃകവും ശക്തിയും ഇല്ലാതാക്കുന്ന അജണ്ടയാണ് റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ട്രംപിന്റേത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ശേഷമാണ് ട്രംപ് അധികാരത്തിൽ നിന്ന് പടിയിറങ്ങിയത്. ഇതിൽ നിന്നും അമേരിക്കയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതിനായിരുന്നു ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ മുൻഗണന നൽകിയതെന്നും കമല പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി കമല ഹാരിസ് കറുത്ത വർഗക്കാരിയായി സ്വയം മാറുന്നുവെന്ന ട്രംപിന്റെ വംശീയാധിക്ഷേപ പരാമർശത്തോട് പറഞ്ഞ കാര്യങ്ങൾ തന്നെ ട്രംപ് ആവർത്തിക്കുകയാണെന്നും അടുത്ത ചോദ്യം ചോദിക്കൂ എന്നുമായിരുന്നു കമല പ്രതികരിച്ചത്. ലിംഗം, വംശം ഇതൊന്നുമല്ല തന്നെ സ്ഥാനാർഥിത്വത്തിന് അർഹയാക്കിയതെന്ന തിരിച്ചറിവ് അമേരിക്കൻ ജനതക്കുണ്ടെന്ന് കമല അഭിമുഖത്തിൽ പറഞ്ഞു.
കുടിയേറ്റം, ഗാസ യുദ്ധം അടക്കമുള്ള വിഷയങ്ങളിലും കമല തന്റെ നിലപാട് വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ല. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ നിരപരാധികളായ പലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്. യുദ്ധം അവസാനിക്കണമെന്നും. ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. യുഎസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്നും അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും കുടിയേറ്റം സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നൽകി.
തന്റെ ഡെമോക്രാറ്റിക് എതിരാളി നിലപാടിൽ ഉറച്ച് നിൽക്കാത്തവരാണെന്നും തെരഞ്ഞെടുപ്പ് ആയുധമാക്കുന്ന മാർക്സിസ്റ്റിനെ പ്രസിഡന്റാക്കാൻ അമേരിക്ക അനുവദിക്കില്ലെന്നുമായിരുന്നു കമലയുടെ അഭിമുഖത്തോടുള്ള ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ട്രംപ് കമല ഹാരിസിനെതിരെ നടത്തിയ അശ്ലീല പരാമർശം വിവാദമായിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.