ചൂരൽമല
മുണ്ടക്കൈ ദുരന്തത്തിൽ വിലാസമില്ലാതെ മണ്ണോടുചേർന്ന മനുഷ്യർ ഇനി നമ്പറായല്ല അറിയുക. അവരിനി സ്വന്തം പേരിൽ ഉറ്റവരുടെ ഓർമകളെ തൊടും. ഉരുളെടുത്ത പ്രിയപ്പെട്ടവരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ഉറ്റവർ പുത്തുമലയിലെ പൊതുശ്മശാനത്തിലെത്തുകയാണ്. കുഴിമാടങ്ങളിലുറപ്പിച്ച കല്ലുകളിലെ കറുത്ത അക്ഷരങ്ങളിൽ ഉറ്റവരെ തിരിച്ചറിയുകയാണവർ. മണ്ണിലടക്കുംമുമ്പേ ആ മുഖമൊന്ന് കണ്ടില്ലല്ലോയെന്ന സങ്കടമാണവർക്ക്.
മൺകൂനയ്ക്ക് മുകളിൽ തലയ്ക്ക് മുകളിലും കാൽച്ചുവട്ടിലുമായി കരിങ്കൽക്കാലുകളിൽ രേഖപ്പെടുത്തിയ ‘C’യിലും ‘N’ ലും തുടങ്ങുന്ന നമ്പറുകൾ മാറ്റി പേരും മേൽവിലാസവും കൊത്തിയൊരുക്കിയ മാർബിൾ സ്ഥാപിക്കുകയാണ്. നിലമ്പൂരിൽനിന്ന് എൺപത്തിഅഞ്ചാമതായി ലഭിച്ച ‘N– 85’, ‘N– 117’ എന്നീ ശരീരഭാഗങ്ങൾ മുണ്ടക്കൈയിലെ പഠിക്കപറമ്പിൽ യൂസഫിന്റെതാണ്. രണ്ടു മീസാൻ കല്ലുകളാണ് യൂസഫിന്. പലപ്പോഴായി കിട്ടിയതാണെങ്കിലും ശരീരഭാഗങ്ങൾ സംസ്ക്കരിച്ചത് അടുത്തടുത്താണ്. മുണ്ടക്കൈയിലെ നാസറിനും ഉമ്മു ഹബീബയ്ക്കുമെല്ലാം ഒന്നിലധികം മീസാൻ കല്ലുകളാണ്. അഞ്ചുപേർക്കായി ഏഴ് മീസാൻകല്ലുകളാണ് വ്യാഴാഴ്ചവരെ പുത്തുമലയിൽ സ്ഥാപിച്ചത്. പേരുകളെഴുതാതെ മറ്റു അടയാളങ്ങളിട്ട കുഴിമാടങ്ങളുമുണ്ട്. ബന്ധുക്കളിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുമായി യോജിച്ചത് കണ്ടെത്തിയാണ് സംസ്ക്കരിച്ചവരെ തിരിച്ചറിയുന്നത്.
ഇതുവരെ 21 മൃതദേഹങ്ങളുടെയും 59 ശരീരഭാഗങ്ങളുടെയും ഡിഎൻഎ 42 പേരുടെ സാമ്പിളുമായി ചേരുന്നതായി കണ്ടെത്തി. മൃതദേഹങ്ങളുടെയും കണ്ടെത്തിയ ശരീരഭാഗങ്ങളുടെയും 427 സാമ്പിളുകളാണ് പരിശോധിച്ചത്. ഹാരിസൺസ് പ്ലാന്റേഷൻസ് ലിമിറ്റഡ് സർക്കാരിന് വിട്ടുനൽകിയ 64 സെന്റിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്ളത്. ‘സ്നേഹമതിൽ’ എന്നപേരിൽ ചുറ്റുമതിൽ ഒരുക്കി ദുരന്തസ്മാരകമായി സംരക്ഷിക്കുകയാണ് ഈ ഭൂമി.
ഒരുമിച്ചുറങ്ങുന്നു,
നൗഫലിന്റെ മക്കൾ
കളത്തിങ്കൽ നൗഫലിന്റെ മക്കൾ മുഹമ്മദ് നിഹാലും ഇഷയും പുത്തുമലയിലെ ശ്മശാനത്തിൽ ഒരുമിച്ച് ഉറങ്ങുന്നുണ്ട്. കുടുംബത്തിലെ പതിനൊന്നുപേരെയാണ് നൗഫലിന് നഷ്ടമായത്. അപകടമുണ്ടായതറിഞ്ഞ് ഒമാനിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഭാര്യ സജ്ന, മൂന്നു കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ മൂന്നുകുട്ടികൾ അങ്ങനെ 11 പേരെ ഉരുളെടുത്തു. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷ മന എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് ആദ്യം കണ്ടെത്തിയത്. ഡിഎൻഎ പരിശോധന പൂർത്തിയായപ്പോഴാണ് നിഹാലിനെയും ഇഷയെയും പുത്തുമലയിൽ സംസ്ക്കരിച്ചെന്ന് തിരിച്ചറിഞ്ഞത്. രണ്ടുകുഴിമാടങ്ങൾക്കപ്പുറമാണ് സഹോദരങ്ങൾ മണ്ണിലുറങ്ങുന്നത്.