ചെങ്ങന്നൂർ> അബുദാബിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ 38––ാമത് അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ചു.ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. യോഗത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. കൺവീനർ എ കെ മൂസ മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. അവാർഡ് കമ്മിറ്റിയംഗം കവി എൻ പ്രഭാവർമ അവാർഡ് കൃതികൾ പരിചയപ്പെടുത്തി. സംഘാടകസമിതി ചെയർമാൻ എം എച്ച് റഷീദ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, പ്രവാസിസംഘം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ, ശക്തി തിയറ്റേഴ്സ് ജോയിന്റ് സെക്രട്ടറി നികേഷ് വലിയവളപ്പിൽ എന്നിവർ സംസാരിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം ഷാജി എൻ കരുൺ ഏറ്റുവാങ്ങി. പി പി ബാലചന്ദ്രൻ (ശക്തി എരുമേലി പുരസ്കാരം), എം കെ ഹരികുമാർ, ആർ വി എം ദിവാകരൻ (ശക്തി തായാട്ട് അവാർഡ്), മീനമ്പലം സന്തോഷ്, പ്രൊഫ. വി കാർത്തികേയൻനായർ (വിജ്ഞാനസാഹിത്യം), ദിവാകരൻ വിഷ്ണുമംഗലം, ഡോ. രതീഷ് കാളിയാടൻ (ബാലസാഹിത്യം), ഗ്രേസി, മഞ്ജു വൈഖരി (കഥ), ശ്രീകാന്ത് താ മരശേരിൽ (കവിത), ജാനമ്മ കുഞ്ഞുണ്ണി (നോവൽ), കാളിദാസ് പുതുമന, ഗിരീഷ് കളത്തിൽ (നാടകം), പി പി അബൂബക്കർ, സിയാർ പ്രസാദ് (പ്രത്യേക പുരസ്കാരം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻ വി മോഹനന്റെ നേതൃത്വത്തിൽ ശക്തി തിയറ്റേഴ്സ് പ്രവർത്തകർ സമാഹരിച്ച ആദ്യഗഡു 10 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. സംഘാടകസമിതി ജനറൽ കൺവീനർ എം ശശികുമാർ സ്വാഗതവും ട്രഷറർ പി എൻ ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.