തിരുവനന്തപുരം> മഹാത്മ അയ്യൻകാളിയുടെ ജീവിതസന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതുപോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യൻകാളിയുടെ ദർശനം.
സമത്വത്തിനുവേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യംനേടി വർത്തമാനകാലത്തിലെത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അയ്യൻകാളിയുടെ 161––ാം ജയന്തി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നു അയ്യൻകാളിയെന്ന് അധ്യക്ഷനായ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതായിരുന്നു അയ്യൻകാളിയുടെ ദീർഘവീക്ഷണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിലെ പ്രതിമയിൽ മന്ത്രിമാരുടെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ ക്വിസ് മത്സര ജേതാക്കൾക്ക് മേയർ ആര്യ രാജേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എംഎൽഎമാരായ വി കെ പ്രശാന്ത്, ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എം വിജയകുമാർ, ബി സത്യൻ, കെ ഗോപാലകൃഷ്ണൻ, വി സജീവ് എന്നിവരും സംസാരിച്ചു.