മാഡ്രിഡ് > ബാഴ്സലോണ കുപ്പായത്തിൽ ഡാനി ഒൽമോയ്ക്ക് മനോഹരമായ തുടക്കം. സ്പാനിഷ് ലീഗിൽ റയോ വല്ലെകാനോയ്ക്കെതിരെ വിജയഗോളുമായാണ് ബാഴ്സയിലെ അരങ്ങേറ്റം ഇരുപത്താറുകാരൻ ആഘോഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. തുടർച്ചയായ മൂന്നാംജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം. ആദ്യഗോൾ പെഡ്രി നേടി.
കളി തുടങ്ങി ഒമ്പതാംമിനിറ്റിൽ ഉനായ് സിമോണിലൂടെ വല്ലെകാനോ മുന്നിലെത്തിയതാണ്. ഇടവേളയ്ക്കുശേഷമായിരുന്നു ബാഴ്സയുടെ മറുപടി. 60–-ാംമിനിറ്റിൽ പെഡ്രി സമനില പിടിച്ചു. ഇടതുഭാഗത്ത് റഫീന്യ നടത്തിയ മികച്ച നീക്കമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഒപ്പമെത്തിയതോടെ ബാഴ്സ ആക്രമണം കടുപ്പിച്ചു.
ഇതിനിടെ റോബർട്ട് ലെവൻഡോവ്സ്കി വല കുലുക്കിയെങ്കിലും വീഡിയോ പരിശോധനയിൽ (വാർ) ജൂലസ് കുണ്ടെ റയോ താരത്തെ ഫൗൾ ചെയ്തുവെന്ന് കണ്ടതോടെ ഗോൾ പിൻവലിച്ചു.
ഇടവേളയ്ക്കുശേഷം കളത്തിലെത്തിയ ഒൽമോ ബാഴ്സയുടെ നിരാശ മായ്ക്കുന്നതാണ് തൊട്ടടുത്ത നിമിഷം കണ്ടത്. ലമീൻ യമാൽ ബോക്സിലേക്ക് ഒഴുക്കിയ പന്ത് ഒൽമോ ഒറ്റയടിയിൽ വലയിൽ കുരുക്കി.
ബാഴ്സയുടെ അക്കാദമി താരമായ സ്പാനിഷുകാരൻ 16–-ാംവയസ്സിൽ ഡൈനാമോ സാഗ്രെബിലേക്കാണ് ചേക്കേറിയത്. അവസാനം കളിച്ചത് ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിൽ. യൂറോ കപ്പിലെ മിന്നുന്ന പ്രകടനത്തോടെ ബാഴ്സയുടെ നോട്ടമെത്തി. ഈ മാസമാദ്യം ടീമിൽ എത്തിയെങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ രണ്ടു കളി നഷ്ടമാകുകയും ചെയ്തു. ഇകായ് ഗുൺഡോവൻ, ക്ലെമന്റ് ലാങ്ലെറ്റ് എന്നീ താരങ്ങൾ ടീം വിട്ടതോടെ ഒൽമോയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സയ്ക്ക് സാധിച്ചു.