ഫ്ളോറിഡ
നാലുപേരെ എണ്ണൂറു കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്ന പൊളാരിസ് ഡോൺ ദൗത്യം വീണ്ടും മാറ്റി. കാലാവസ്ഥ പ്രതികൂലമായതിനാൽ ദൗത്യം 30ലേക്ക് മാറ്റുന്നതായി സ്പേയ്സ് എക്സ് അറിയിച്ചു. സഞ്ചാരികളുമായി ഡ്രാഗൺ പേടകം മടങ്ങി എത്തുമ്പോൾ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹീലിയം ചോർച്ച കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദൗത്യം മാറ്റി വച്ചിരുന്നു. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേയ്സ് സെന്ററിൽ ഫാൽക്കൺ 9 റോക്കറ്റും ബഹിരാകാശ സഞ്ചാരികൾക്കുള്ള ഡ്രാഗൺ പേടകവും സുസജ്ജമാണെന്ന് സ്പേയ്സ് എക്സ് അറിയിച്ചു. മിഷൻ കമാൻഡർ ജേർഡ് ഐസക്ക് മാൻ, മിഷൻ പൈലറ്റ് സ്കോട്ട് പൊറ്റിറ്റ്, മിഷൻ സ്പെഷ്യലിസ്റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ് എന്നിവരാണ് ബഹിരാകാശ സഞ്ചാരികൾ. അഞ്ച് ദിവസം പ്രത്യേക ഭ്രമണപഥത്തിൽ ഭൂമിയെ വലം വച്ച് 40 പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി.