കൊച്ചി> സിനിമാ സംഘടനയായ ‘അമ്മ’ ഭരണസമിതിയിൽ കൂട്ടരാജി ഉണ്ടായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൂന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രംഗത്ത്. യുവ അഭിനേതാക്കളായ സരയു, അനന്യ, വിനു മോഹൻ എന്നിവരാണ് വിയോജിപ്പ് പരസ്യമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരോടുള്ള നിലപാടിൽ ഭരണസമിതിയിലെ ഭിന്നത രൂക്ഷമാണെന്ന് ഇതോടെ വ്യക്തമായി. ഭരണസമിതി ഒന്നടങ്കം രാജിവച്ചെന്നാണ് ചൊവ്വാഴ്ച അമ്മ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചത്. പ്രസിഡന്റ് മോഹൻലാലിന്റെ ഒപ്പില്ലാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അറിയിപ്പായാണ് ഇത് പുറത്തുവന്നത്. എന്നാൽ, കൂട്ടരാജി തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നാണ് മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭരണസമിതിയിൽനിന്ന് എല്ലാവരും രാജിവച്ചിട്ടില്ലെന്ന് സരയു മോഹൻ പറഞ്ഞു. താൻ ഇതുവരെ രാജി നൽകിയിട്ടില്ല. അമ്മ യോഗത്തിലും അക്കാര്യം അറിയിച്ചിരുന്നു. കൂട്ടരാജിയുടെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നും സരയു പറഞ്ഞു.
വ്യക്തിപരമായി രാജിക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്ന് നടി അനന്യ പ്രതികരിച്ചു. ആരോപണവിധേയർ രാജിവച്ച് ഒഴിയുന്നതായിരുന്നു ശരിയായ നടപടി. ധാർമികത മുൻനിർത്തിയാണ് രാജിവച്ചതെന്നും അനന്യ മാധ്യമങ്ങളോട് പറഞ്ഞു. വിനു മോഹനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. മറ്റൊരു എക്സിക്യൂട്ടീവ് അംഗമായ ടൊവിനോ തോമസും കൂട്ടരാജി തീരുമാനത്തെ അമ്മ യോഗത്തിൽ എതിർത്തിരുന്നു.