ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ പ്രതിചേർക്കപ്പെട്ടിരിക്കുന്ന കൊലപാതക കുറ്റം തെളിയുന്നതു വരെ താരം ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റിൽ തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ നടന്ന ആദ്യ ടെസ്റ്റിന് ശേഷം ഷാക്കിബ് ടീമിൽ തുടരണോ എന്ന കാര്യം തീരുമാനിക്കുമെന്ന് ബിസിബി നേരത്തെ സൂചിപ്പിച്ചിരുന്നു.
സുപ്രീം കോടതി അഭിഭാഷകനായ ഷാജിബ് മഹമൂദ് ആലം ശനിയാഴ്ച ബിസിബിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഷാക്കിബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഉടൻ പുറത്താക്കണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) ചട്ടപ്രകാരം ക്രിമിനൽ കേസിൽ ഉൾപ്പെട്ട കളിക്കാരന് ദേശീയ ടീമിൽ തുടരാനാകില്ലെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായ ഷാക്കിബിനെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരണമെന്നും സ്ഥിതിഗതികൾ ഐസിസിയെ അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ‘ഷാക്കീബ് ക്രിക്കറ്റിൽ തുടരുമെന്നും, താരത്തെ തിരികെ വിളിക്കുന്നത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചുവെന്നും,’ ബിസിബി പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദ് പ്രതികരിച്ചു. ഷാക്കിബ് ക്രിക്കറ്റിൽ തുടരുമെന്ന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിലവിൽ എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് ശേഷം നിരവധി നടപടികളുണ്ട്. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ ഷാക്കിബിനെ കളിക്കാൻ അനുവദിക്കും. പാക്കിസ്ഥാനിലെ മത്സരങ്ങൾക്ക് ശേഷം ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പരമ്പരയ്ക്കായി പോകും. ഈ മത്സരങ്ങളിലും അദ്ദേഹം ടീമിനൊപ്പമുണ്ടാകും. അദ്ദേഹം ടീമുമായി കോൺട്രാക്ട് ഉള്ള കളിക്കാരനാണ്. ആവശ്യമെങ്കിൽ അദ്ദേഹത്തിന് നിയമ സഹായവും നൽകും,’ ബിസിബി പ്രസിഡൻ്റ് വ്യക്തമാക്കി.
ബംഗ്ലാദേശിൽ അടുത്തിടെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബിനെ പ്രതിചേർത്തിരിക്കുന്നത്. റൂബല്‍ എന്ന യുവവാണ് വെടിയേറ്റ് മരിച്ചത്. കേസിൽ 28-ാം പ്രതിയാണ് ഷാക്കിബ്.
Read More:
- ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്