കൊച്ചി
‘‘മോഹനാ നമ്മക്ക് ഒരു പടം തുടങ്ങ്യാലോ’’. സംവിധായകൻ മോഹനോട് സുഹൃത്തും നടനുമായിരുന്ന ഇന്നസെന്റിന്റെ ഈ ചോദ്യത്തിൽനിന്നാണ് മലയാളത്തിന് മികച്ച നിരവധി ചിത്രങ്ങൾ സമ്മാനിച്ച ശത്രു ഫിലിംസിന്റെ തുടക്കം. പൈസ എവിടെയെന്ന മോഹന്റെ മറുചോദ്യത്തിന് ‘എന്റെയടുത്ത് പത്ത് പാർട്ണേഴ്സുണ്ട്’ എന്ന് ഇന്നസെന്റിന്റെ മറുപടി. അതുവിശ്വസിച്ച് മോഹനും കൂട്ടരും തുടക്കമിട്ട ശത്രുഫിലിംസാണ് ഇളക്കങ്ങൾ, വിടപറയുംമുമ്പേ ഉൾപ്പെടെ ഒരുപിടി ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചത്. കഴിഞ്ഞവർഷം എറണാകുളം പബ്ലിക് ലൈബ്രറിയിൽ ഇന്നസെന്റ് അനുസ്മരണ യോഗത്തിലാണ് മോഹൻ അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദം പങ്കുവച്ചത്.
ഇരിങ്ങാലക്കുടയിൽനിന്നുമെത്തി മലയാള സിനിമയിലെ വ്യത്യസ്ത രംഗങ്ങളിൽ കഠിനാധ്വാനവും മിടുക്കും കൈമുതലാക്കി ഇടം നേടിയവരാണ് മോഹനും ഇന്നസെന്റും. ഒരുമിച്ച് നാടകം കണ്ടും ചർച്ചകൾ നടത്തിയും ഇരുവരും സ്വപ്നങ്ങൾ നെയ്തു. മോഹന്റെ അച്ഛന് ബിസിനസ് സ്ഥാപനങ്ങളുണ്ടായിരുന്നു. ആ സ്ഥാപനങ്ങളും അച്ഛനുള്ള ബന്ധങ്ങളുംവഴി നാടകടിക്കറ്റുകൾ ലഭിക്കും. അതുമായി ഇന്നസെന്റുമൊത്ത് നാടകം കാണും. കലയോടുള്ള കമ്പംമൂത്ത് മോഹൻ ആദ്യമായി പ്രൊഫഷണൽ ട്രൂപ്പുണ്ടാക്കിയപ്പോൾ അതിന്റെ മാനേജർ ഇന്നസെന്റായിരുന്നു. പിന്നീട് സിനിമ പഠിക്കാൻ മോഹൻ മദ്രാസിലേക്ക്. നൃത്തശാല സിനിമയിൽ ചീഫ് അസിസ്റ്റന്റായി അവസരം ലഭിച്ചത് ‘ദിവ്യദൃഷ്ടിയിൽ’ ഇന്നസെന്റ് അറിഞ്ഞു. മദ്രാസിൽ എത്തി മോഹനെ കണ്ടുപിടിച്ചു. ‘മോഹനാ…. ഇനി ഞാൻ പോണില്ല’ എന്നായി. സുഹൃത്ത് മഹാനഗരത്തിൽ കഷ്ടപ്പെടുമല്ലോ എന്നായിരുന്നു മോഹന്റെ ചിന്ത. എന്നാൽ, ഇന്നസെന്റിനെ മോഹൻ കൈവിട്ടില്ല. ആ സിനിമയുടെ നിർമാണച്ചുമതലയുടെ ഭാഗമാക്കി. പതുക്കെ ഇന്നസെന്റ് ചില സിനിമകളുടെ ഭാഗമായി.
ഇന്നസെന്റിന് ആദ്യമായി പ്രധാന വേഷം നൽകിയത് മോഹനാണ്; ‘ഇളക്കങ്ങൾ’ സിനിമയിൽ. അതിലെ കറവക്കാരൻ അന്തോണിയെന്ന കഥാപാത്രമായിരുന്നു. ‘നിനക്ക് ഈ റോൾ ചെയ്യാൻ പറ്റുമോ ?’ എന്ന് മോഹൻ ചോദിച്ചപ്പോൾ ‘‘എന്റെ മോഹനാ, എനിക്ക് പറ്റില്ല’’ എന്നായിരുന്നു മറുപടി. എന്നാൽ, ഇന്നസെന്റിൽ വിശ്വാസമുണ്ടായിരുന്ന മോഹൻ അദ്ദേഹത്തെ ആ വേഷം ഏൽപ്പിച്ചു. മോഹന്റെ ഭൂരിഭാഗം ചിത്രങ്ങളിലും ഇന്നസെന്റുണ്ടായിരുന്നു.