മസ്കത്ത് > 2026ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിനായി തയ്യാറെടുത്ത് ഒമാൻ ദേശീയ ടീം. ഇറാഖിനെതിരെ സെപ്തംബർ അഞ്ചിന് നടക്കാനിരിക്കുന്ന ആദ്യ യോഗ്യതാ മത്സരത്തിനായി ടീം പരിശീലനം ആരംഭിച്ചു. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിലാണ് പരിശീന ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ഇറാഖിലെ ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സെപ്തംബർ അഞ്ചിന് ഒമാൻ സമയം വൈകുന്നേരം 8 മണിക്കാണ് ഒമാൻ- ഇറാഖ് യോഗ്യതാ മത്സരം അരങ്ങേറുക.
ഒമാൻ സ്പോർട്സ്-യുവജനമന്ത്രാലയ പ്രതിനിധി,ടീം മാനേജർ, പരിശീലകർ ഉൾപ്പടെയുള്ള സംഘം ഈ മാസം ആദ്യവാരം ബസ്രയിൽ സന്ദർശനം നടത്തി പരിശീന സൗകര്യങ്ങൾ, താമസസൗകര്യം തുടങ്ങിയ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായി ടീം മാനേജർ ഹുസ്സൈൻ അൽ സജ്ജലി പറഞ്ഞു. സെപ്തംബർ മൂന്നിന് ബസ്രയിൽ എത്തിച്ചേരുന്ന ടീമിന് പരിശീലന സൗകര്യം തയാറാക്കിയിരിക്കുന്നത് അൽ ഫൈഹാ സ്പോർട്സ് ക്ലബിലാണ്. ആദ്യ മത്സരത്തിന് മുൻപ് മറ്റ് സൗഹൃദമത്സരങ്ങളൊന്നും തന്നെ പ്ലാൻ ചെയ്തിട്ടില്ല. പരമാവധി പരിശീലനത്തിലേർപ്പെടുക എന്നതു തന്നെയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖുമായുള്ള മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ടീം തിരികെ മസ്ക്കറ്റിലേക്ക് മടങ്ങുമെന്നും സെപ്റ്റംബർ പത്തിന് ദക്ഷിണ കൊറിയയുമായുള്ള കളിക്കായുള്ള പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകകപ്പ് യോഗ്യതാപ്പോരാട്ടത്തിൽ ആദ്യ മത്സരങ്ങൾ നിർണായകമാണ്. ആയതിനാൽ ഈ രണ്ടു മത്സരങ്ങളിലും കാണികളുടെ നിറഞ്ഞ സാന്നിധ്യവും പിന്തുണയും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തി, ഒമാൻ ദേശീയ ഫുടബോൾ ടീമിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്ന വിപുലമായ ക്യാമ്പയിന് ദേശീയ സ്പോർട്സ് – യുവജനമന്ത്രാലയം, ഒമാൻ ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്തുകൊണ്ട് തുടക്കമിട്ടിരുന്നു. സാമൂഹിക, ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിൽ പ്രചാരണം നടത്താൻ പര്യാപ്തമായ രീതിയിൽ വേഗം, ധീരത തുടങ്ങിയ ഗുണങ്ങൾ ഉൾച്ചേർത്തുകൊണ്ടുള്ള ഒരു ലോഗോയും പുറത്തിറക്കിയിരുന്നു. ദക്ഷിണ കൊറിയ, ഇറാഖ്, ജോർദാൻ, പലസ്തീൻ, കുവൈറ്റ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഒമാൻ. സെപ്റ്റംബർ പത്തിന് ദക്ഷിണ കൊറിയയുമായുള്ള മത്സരത്തിനു ശേഷം, ഒക്ടോബർ പത്തിന് ഒമാൻ ചെമ്പട കുവൈറ്റിനെ നേരിടും. മസ്ക്കറ്റിൽ വച്ചു തന്നെയാണ് മത്സരം നടക്കുക.
ജോർദാൻ തലസ്ഥാനമായ അമ്മാനിൽ വച്ച് ഒക്ടോബർ 15 ന് ഒമാൻ-ജോർദാൻ മത്സരം നടക്കും. ഗ്രൂപ്പിലെ ആദ്യപാദ അവസാന മത്സരം നവംബർ പതിനാലിന് പലസ്തീനുമായാണ്. രണ്ടാം ഘട്ട മത്സരങ്ങൾ ഒമാനും ഇറാഖും തമ്മിൽ നവംബർ 19 ന് മസ്ക്കത്തിൽ വച്ചും, ദക്ഷിണകൊറിയ-ഒമാൻ മത്സരം സോളിൽ വച്ച് 2025 മാർച്ച് 20 നും നടക്കും. തുടർന്ന് കുവൈറ്റുമായി മാർച്ച് 25 നും. അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങളിൽ മസ്ക്കറ്റിൽ വച്ച് ജൂൺ അഞ്ചിന് ഒമാൻ കുവൈറ്റിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരം ഒമാനും പാലസ്തീനും തമ്മിൽ ജൂൺ പത്തിന് നടക്കുമെന്നും ഹുസ്സൈൻ അൽ സജ്ജലി അറിയിച്ചു.