കൊച്ചി> പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
23 ചിത്രങ്ങള് സംവിധാനം ചെയ്തു. രണ്ട് പെണ്കുട്ടികള്, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ന് കോളജില് ബികോം പഠിക്കാന് ചേര്ന്നതാണ് സിനിമയിലേക്കുള്ള വഴിയായത്.
അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകന് എം.കൃഷ്ണന് നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന് സിനിമയുടെ എല്ലാ മേഖലയിലും പ്രവര്ത്തിച്ചു. തിക്കുറിശ്ശി സുകുമാരന് നായര്, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന് എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്ത്തിച്ചിട്ടുണ്ട്.
1978 ല് വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്കുട്ടികള്’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്’ തുടങ്ങിയ ചിത്രങ്ങള് സംവിധായകന് എന്ന നിലയില് മോഹനെ അടയാളപ്പെടുത്തി. വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം.
ആലോലം, രചന, മംഗളം നേരുന്നു, തീര്ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകള്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005 ല് പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം.