കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിൽ താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യം കണക്കിലെടുത്താണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ മാത്രമായി ചൊവ്വാഴ്ച എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ ലൈംഗികപീഡനാരോപണം ഉയർന്നതോടെ സിദ്ദിഖ് രാജിവച്ചു. ജനറൽ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ഗുരുതര ലൈംഗികപീഡന ആരോപണമുണ്ടായി. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് എക്സിക്യൂട്ടീവ് യോഗം തീയതി പ്രഖ്യാപിക്കാതെ മാറ്റിയത്.
താരസംഘടന തുടർച്ചയായി സമ്മർദത്തിലാകുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള ആലോചന ശക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിദ്ദിഖിന്റെ അഭിപ്രായത്തെ തള്ളി പരസ്യമായി രംഗത്തുവന്ന ജഗദീഷ്, ഡബ്ല്യുസിസിക്കും യോജിക്കാവുന്ന ജനറൽ സെക്രട്ടറിയാകുമെന്നാണ് കണക്കുകൂട്ടൽ.