ഗാസ സിറ്റി > ഗാസയിലെ അൽ അഖ്സ ആശുപത്രി ഒഴിയാൻ ഇസ്രയേൽ സൈന്യത്തിന്റെ ഭീഷണി. ഉടൻ ആശുപത്രി ഒഴിയണമെന്നും മറ്റൊരിടത്തേക്ക് മാറണമെന്നുമാണ് സൈന്യത്തിന്റെ നിർദേശം. ഇതിനെത്തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും അടക്കമുള്ളവർ ആശുപത്രിയിൽ നിന്ന് പലായനം ചെയ്യുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗുരുതതാവസ്ഥയിലുള്ള രോഗികളടക്കം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുകയാണ്. രോഗികൾക്ക് പുറമെ ആക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ആശുപത്രിക്ക് സമീപം മുമ്പ് സ്ഫോടനം നടന്നതായി ഡോക്ടടേഴ്സ് വിത്തൗട്ട് ബോർഡേർസ് പറഞ്ഞിരുന്നു. ആശുപത്രി ഒഴിഞ്ഞുകിടക്കുന്നതിന്റെയും വീൽ ചെയറുകളിലും സ്ട്രക്ചറുകളിലും രോഗികളെയും കൊണ്ട് ആളുകൾ പുറത്തേക്കിറങ്ങുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.