കോഴിക്കോട്
ഉച്ചഭക്ഷണം കഴിഞ്ഞ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി 34–-ാം വാർഡിൽ മുത്തശ്ശിക്കൊപ്പമിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു അവ്യക്ത്. അപ്പോഴാണ് ദേശാഭിമാനി ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദ് അരികിലെത്തിയത്. ആരെന്നറിയാതെ ആദ്യമൊന്ന് അമ്പരന്നു. ഒരു കാമറ ക്ലിക്കിലൂടെ ബന്ധുക്കളുടെ കരങ്ങളിൽ തന്നെ വേഗത്തിലെത്തിച്ച ഫോട്ടോഗ്രാഫറാണെന്നറിഞ്ഞപ്പോൾ കുഞ്ഞുകണ്ണുകളിൽ സന്തോഷത്തിളക്കം.
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഒമ്പതുവയസുകാരനെ കാണാൻ ശിവപ്രസാദ് എത്തിയപ്പോഴായിരുന്നു ആശുപത്രി വാർഡിൽ സ്നേഹാർദ്ര നിമിഷങ്ങൾ. ഉരുൾപൊട്ടലിൽ മണ്ണിൽ കാണാതായ അവ്യക്തിനെ തേടി ബന്ധുക്കൾ അന്വേഷിച്ചു നടക്കുമ്പോഴായിരുന്നു ശിവപ്രസാദിന്റെ ചിത്രം തുണയായത്. രക്ഷാപ്രവർത്തകർ അവ്യക്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രം ശിവപ്രസാദ് പകർത്തിയിരുന്നു. ദുരന്തത്തിന്റെ അഞ്ചാം ദിനത്തിലാണ് കുട്ടിയെ ബന്ധുക്കൾക്ക് തിരിച്ചറിയാനായത്.
കാലിനും തലയ്ക്കും പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ അടുത്തആഴ്ച ആശുപത്രി വിട്ടേക്കും. അമ്മ രമ്യ വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ, സഹോദരി, മുത്തശ്ശൻ, മുത്തശ്ശി എന്നിവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടു. അമ്മയുടെ അച്ഛനും അമ്മയുമാണ് അവ്യക്തിനൊപ്പമുള്ളത്.