കോട്ടയം
ആരോഗ്യസെമിനാർ കേരളത്തിലെ നയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വേദിയായി മാറുമെന്ന് കേരളാ പഠനകോൺഗ്രസ് അക്കാദമിക സമിതി സെക്രട്ടറി ഡോ. ടി എം തോമസ് ഐസക്. അന്താരാഷ്ട്ര പഠനകോൺഗ്രസുകൾ ലോകത്തിലെ തന്നെ വലിയ പങ്കാളിത്തമുള്ള, തുടർച്ചയുമുള്ള വികസന സംവാദസദസ്സാണ്. അഞ്ചാമത് പഠനകോൺഗ്രസ് നടക്കുന്നതിന് മുമ്പ് 20 അനുബന്ധ സെമിനാറുകൾ നടക്കും. ഈ സെമിനാറുകളിലായി ചുരുങ്ങിയത് 5000 പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇരുപത്തയ്യായിരത്തോളം പേർ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും.
ആരോഗ്യ സെമിനാറിൽ എന്ന പോലെ ഓരോ മേഖലയിലും ഉരുത്തിരിഞ്ഞ് വരുന്ന കാഴ്ചപ്പാടുകൾ രേഖയാക്കുകയും ഇത് പഠനകോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്ന നയങ്ങൾ വലിയ വ്യത്യാസമില്ലാതെ കേരളത്തിലെ വികസന നയങ്ങളായി രൂപപ്പെടുമെന്ന അനുഭവങ്ങളുണ്ട്. ഒന്നാം പഠനകോൺഗ്രസ് മുതലുള്ള സമ്മേളനങ്ങളിലെല്ലാം എത്തിച്ചേർന്ന നിഗമനങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന കാഴ്ചകളാണ് കണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.