വർക്കല > ശ്രീനാരായണ ഗുരുവിനെക്കുറിച്ചും കേരള നവോത്ഥാന ചരിത്രവും പഠിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. ശിവഗിരി ആശ്രമത്തിന്റെ ബ്രിട്ടനിലെ അഫിലിയേറ്റഡ് കേന്ദ്രത്തിന്റെ സഹകരണത്തിലാണ് പഠനം. ശ്രീനാരായണഗുരുവിനെക്കുറിച്ച് ഗവേഷണത്തിനായി നിരവധിപ്പേർ സമീപിച്ച സാഹചര്യത്തിലാണ് സര്‍വകലാശാല ആശ്രമത്തെ സമീപിച്ചത്. ഓക്സ്ഫോർഡ് സർവകലാശാലയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മ തിസണ്ണുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഗുരുവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കൈമാറാനും ആശ്രമം അധികൃതർ തീരുമാനിച്ചു. ഗുരുവിനെക്കുറിച്ചുള്ള പുതിയൊരു ഗ്രന്ഥം ഓക്സ്ഫോർഡ് ഗവേഷണ വിഭാഗം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സര്‍വകലാശാലയുടെ പഠനത്തിനായി ബ്രിട്ടനിലെ ആശ്രമത്തില്‍നിന്ന് ഗുരുവിന്റെ കൃതികളും ജീവിത ചരിത്രഗ്രന്ഥങ്ങളും കൈമാറും. സെപ്തംബര്‍ ഒമ്പതിന് ബ്രിട്ടനിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകങ്ങള്‍ കൈമാറുന്നത്. ദൈവദശകം, ശ്രീനാരായണ സ്മൃതി, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ശ്രീനാരായണ ഗുരുവിന്റെ കവിതകള്‍ തുടങ്ങിയവയുടെ ഇംഗ്ലീഷ് പരിഭാഷകളാണ് സര്‍വകലാശാലയ്ക്ക് കൈമാറുന്നത്. ആശ്രമം പ്രസിഡന്റ് ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, അംഗങ്ങളായ സതീഷ് കുട്ടപ്പൻ, അനിൽകുമാർ ശശിധരൻ, കലാജയൻ, അനിൽ കുമാർ രാഘവൻ, ഗണേശ് ശിവൻ, മധു രവീന്ദ്രൻ, ഡോ. ബിജു പെരിങ്ങത്തറ, ദിലീപ് വാസുദേവൻ, അനീഷ് കുമാർ തുടങ്ങിയവരാണ് സർവകലാശാല അധികൃതരുമായി ചര്‍ച്ച നടത്തിയത്.