തിരൂർ > വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് ഏഴ് കോടിയോളം രൂപ തട്ടിയ കേസിൽ മുഖ്യപ്രതികളായ ലീഗ് നേതാക്കൾ അറസ്റ്റിൽ. ഒന്നാംപ്രതി യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷററും മുസ്ലിംലീഗ് നേതാവുമായ വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (42), രണ്ടാം പ്രതി ലീഗ് പ്രവർത്തകനായ വിളത്തൂർ കോരക്കോട്ടിൽ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒളിവിലായിരുന്ന പ്രതികൾ ശനി രാവിലെ തിരൂർ ഡിവൈഎസ്പി കെ എം ബിജുവിനുമുന്നിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തിരൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിൽ ഇന്റേണൽ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. 79 അക്കൗണ്ടുകളിലൂടെ 16 കിലോയോളം മുക്കുപണ്ടം പണയംവച്ച് ഏഴുകോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പത്തുതവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായി നൽകിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അപ്രൈസർ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. വളാഞ്ചേരി എസ്എച്ച്ഒ ബഷീർ സി ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ ഉൾപ്പെട്ട സജീവ ലീഗ് പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള് നിഷാദ് (50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50) എന്നിവർ ഒളിവിലാണ്.