കോട്ടയം > അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായ ആരോഗ്യസെമിനാർ ഞായറാഴ്ച തുടങ്ങും. കോട്ടയം ടി കെ സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സിഎംഎസ് കോളേജിലാണ് “കേരളത്തിലെ ആരോഗ്യമേഖല’ എന്ന ദ്വിദിന സെമിനാർ. ഇരുനൂറിലധികം ഡോക്ടർമാരും നൂറിലേറെ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ ആയിരത്തോളം പേർ സെഷനുകളിൽ പങ്കെടുക്കും. 10 വേദികളിലാണ് സെമിനാർ.
രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സെമിനാർ ഉദ്ഘാടനംചെയ്യും. എകെജി പഠനഗവേഷണ കേന്ദ്രം ചെയർമാൻ എസ് രാമചന്ദ്രൻപിള്ള, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്, മന്ത്രി വി എൻ വാസവൻ, മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, ആരോഗ്യവിദഗ്ധൻ ഡോ. ബി ഇക്ബാൽ എന്നിവർ പങ്കെടുക്കും. 26ന് സമാപിക്കും.