കൊച്ചി> സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ തുടങ്ങുമെന്ന് മന്ത്രി പി രാജീവ്. തൃശൂരിൽ പത്തേക്കർ സ്ഥലത്താണ് റോബോട്ടിക് പാർക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം. നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്സ് പാർക്ക് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാർക്കിലെ റോബോ ലാൻഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികൾ അവിടെയുണ്ടാകും. വ്യവസായ വകുപ്പിന്റെ പിന്തുണയും കൂടുതൽ ഇൻസെന്റീവുകളും റോബോട്ടിക്സ് പാർക്കിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടു കോടിയായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തന മൂലധനം വർധിപ്പിക്കുക, റോബോട്ടിക്സ് സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യവും മാർക്കറ്റിങ് പിന്തുണയും നൽകുക എന്നിവയും പരിഗണിക്കും. വ്യവസായ വകുപ്പിന്റെ 22 മുൻഗണനാ മേഖലകളിൽ റോബോട്ടിക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സർക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.