ലുസെയ്ൻ
ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. സ്വിറ്റ്സർലൻഡിലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ 89.49 മീറ്റർ എറിഞ്ഞാണ് രണ്ടാമതെത്തിയത്. സീസണിലെ മികച്ച ഏറാണ്. 90.61 മീറ്റർ മറികടന്ന ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് ഒന്നാംസ്ഥാനം. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്റർ താണ്ടി മൂന്നാമതായി.
നീരജ് പാരിസ് ഒളിമ്പിക്സിൽ 89.45 മീറ്ററിലാണ് വെള്ളി നേടിയത്. ഇത്തവണ അവസാന ത്രോയിലാണ് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്. 82.10 മീറ്റർ, 83.21, 83.13, 82.34, 85.58 മീറ്റർ എന്നിങ്ങനെയായിരുന്നു ഇരുപത്താറുകാരന്റെ മറ്റ് ത്രോകൾ. ഒളിമ്പിക്സിൽ വെങ്കലം നേടിയ ആൻഡേഴ്സൺ അവസാന ഏറിലാണ് ഒന്നാംസ്ഥാനത്തെത്തിയത്. നീരജ് ആദ്യ ഏറിൽ മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടാമത്തെ ത്രോകൾ പൂർത്തിയായപ്പോൾ നാലാമതായി. അഞ്ചാം ത്രോയിലാണ് വീണ്ടും മൂന്നാമതെത്തിയത്.
ഒളിമ്പിക്സ് ജേതാവ് പാകിസ്ഥാന്റെ അർഷാദ് നദീം മത്സരത്തിൽ ഉണ്ടായിരുന്നില്ല. ഈ സീസണിൽ ദോഹ ഡയമണ്ട്ലീഗിൽ മാത്രമാണ് നീരജ് പങ്കെടുത്തത്. 88. 36 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനമായിരുന്നു. 90 മീറ്റർ താണ്ടാൻ ഇതുവരെയും സാധിച്ചിട്ടില്ല. 89.94 മീറ്ററാണ് മികച്ച ദൂരം. സീസൺ അവസാനിച്ചാൽ നീരജ് ശസ്ത്രക്രിയക്ക് വിധേയനാകും.