തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്കെതിരെ ശക്തമായി അപലപിക്കുന്നതായി ഡബ്ല്യുസിസി. ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിന്റെത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ചർച്ചകൾ കണ്ടു.
കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നതെന്നും ഡബ്ല്യുസിസി ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടതെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.