മൂവാറ്റുപുഴ
കോതമംഗലം മാലിപ്പാറയിലെ ഇരട്ടക്കൊലപാതക കേസിൽ ഒന്നാംപ്രതി മാലിപ്പാറ സൊസൈറ്റിപ്പടി പുതുവൽപുത്തൻപുര സജീവ്, രണ്ടാംപ്രതി മാലിപ്പാറ അമ്പാട്ടുവീട്ടിൽ സന്ദീപ് എന്നിവർക്ക് ഇരട്ടജീവപര്യന്തം ശിക്ഷ. ഇതിനുപുറമെ ഒരുവർഷം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴത്തുക മരിച്ചവരുടെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസിന്റെ വിധിയിലുണ്ട്.
2014 മാർച്ച് 16ന് പിണ്ടിമന നാടോടി ഗാന്ധിനഗർ കോളനിക്കുസമീപമാണ് സംഭവം. വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിൻ എബ്രാഹം (26), പിണ്ടിമന ചെമ്മീൻകുത്ത് കൊല്ലംപറമ്പിൽ വിഷ്ണു (17) എന്നിവരെയാണ് കുത്തിക്കൊന്നത്.
മൂന്നാംപ്രതി പാണിയേലി കളപ്പുരയ്ക്കൽ പ്രസന്നൻ, നാലാംപ്രതി അയിരൂർപ്പാടം മേക്കമാലിവീട്ടിൽ ജിൻസൻ ജോസ്, ആറാംപ്രതി പാണിയേലി ചെറുവള്ളിപ്പടിവീട്ടിൽ സരുൺ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. അഞ്ചാംപ്രതി പാണിയേലി കരിപ്പക്കാടൻ എബി എൽദോസ് വിചാരണവേളയിൽ മരിച്ചു. കേസിൽ 38 സാക്ഷികളെ വിസ്തരിച്ചു. 55 രേഖകളും 36 തൊണ്ടിമുതലുകളും ഹാജരാക്കി. കോതമംഗലം മുൻ ഇൻസ്പെക്ടർ ജി ഡി വിജയകുമാർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ കെ എം സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ജ്യോതികുമാർ ഹാജരായി.