തിരുവനന്തപുരം> കഴക്കൂട്ടത്തുനിന്ന് വീട്ടുകാരോട് പിണങ്ങി വീടുവിട്ട കുട്ടിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിലാണ് സംഘം വിശാഖപട്ടണത്തേക്ക് പോകുന്നത്. ഇന്ന് വൈകുന്നേരം സിഡബ്ല്യുസി അംഗങ്ങൾ വിശാഖപട്ടണത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.
തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയെ വിട്ടുകിട്ടാൻ വിശാഖപട്ടണം സിഡബ്ലിസി കത്ത് നൽകും. തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം അവിടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും.
അസം സ്വദേശിയും നിലവില് കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്വര് ഹുസൈന്റെ മകള് തസ്മീത്ത് തംസത്തെയാണ് ഓഗസ്റ്റ് 20 രാവിലെ 10 മണി മുതല് കഴക്കൂട്ടത്തെ വാടക വീട്ടില് നിന്ന് കാണാതായത്. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. താംബരം–സാന്ദ്രാഗച്ചി എക്സ്പ്രസിന്റെ അൺറിസർവ്ഡ് കോച്ചിൽ കിടന്ന് കരയുകയായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരാണ് ബുധൻ രാത്രി പത്തോടെ തിരിച്ചറിഞ്ഞത്. തസ്മിത് ഈ ട്രെയിനിലുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. കുട്ടി ഒന്നും സംസാരിക്കാൻ തയാറായില്ല. പൊലീസ് വ്യാഴാഴ്ച വിശാഖപട്ടണത്തേക്ക് തിരിക്കും. നിലവിൽ കുട്ടി ആർപിഎഫ് സംരക്ഷണയിലാണ്.
പെൺകുട്ടി ട്രെയിനിൽ കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ ബുധനാഴ്ച തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ബംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ യാത്രചെയ്ത നെയ്യാറ്റിൻകര സ്വദേശിനി ബബിത പെൺകുട്ടിയെ കണ്ടിരുന്നു. ഇവർ പകർത്തിയ ചിത്രം പൊലീസിന് നൽകിയത് നിർണായകമായി. തുടർന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
കേരള പൊലീസ് സംഘം കന്യാകുമാരി പൊലീസുമായി ചേർന്ന് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചൽ നടത്തിയിരുന്നു. ചെന്നൈയിലും പരിശോധന നടത്തി. കുട്ടി നാഗർകോവിൽ സ്റ്റേഷനിലിറങ്ങി വെള്ളം ശേഖരിച്ച് തിരിച്ച് ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ബുധൻ പുലർച്ചെ 3.53-ന് ട്രെയിൻ കന്യാകുമാരിയിലെത്തിയതായും കുട്ടിയെ കണ്ടതായും ഓട്ടോ ഡ്രൈവർമാർ മൊഴി നൽകി. അവിടെനിന്ന് ബുധനാഴ്ച പുറപ്പെട്ട അഞ്ച് ട്രെയിനുകളും കേരള, തമിഴ്നാട് പൊലീസ് സംഘങ്ങളും റെയിൽവേ സംരക്ഷണസേനയും പരിശോധിച്ചിരുന്നു.
കേരളത്തിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ ബസിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു.