മിനിമം വേതനം ഉറപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയിൽപോലും, കർണാടകത്തിൽ പിടിച്ചുപറിയും കൊള്ളയുമാണെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പ ഹൊസ്കരെ.
പഞ്ചായത്തംഗങ്ങളുടെ കൈയിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ എടിഎം കാർഡും പിൻനമ്പറും. അക്കൗണ്ടിൽ വരുന്ന കൂലിയെല്ലാം പഞ്ചായത്തംഗത്തിന്റെ ബിനാമികൾ വാങ്ങും. തൊഴിലാളികൾക്ക് നൂറ്റമ്പതോ ഇരുനൂറോ രൂപ മാത്രം. ഗതികെട്ട് മറ്റു കാർഷികതൊഴിലിലേക്ക് പോകുന്നവരുടെയും സ്ഥിതി ആശാവഹമല്ല. സ്ത്രീകൾക്ക് ഇരുനൂറും പുരുഷന്മാർക്ക് നാനൂറുവരെയുമാണ് കൂലി. അതും വൻകിട ജമീന്ദാർമാരുടെ വയലിലും മറ്റും അടിമപ്പണിയാണ്. 400–-500 ഏക്കർവരെയുള്ള, രാഷ്ടീയസ്വാധീനമുള്ള ഇത്തരം ജമീന്ദാർമാർക്കെതിരെ അക്ഷരാഭ്യാസമില്ലാത്ത കർഷകത്തൊഴിലാളികൾക്ക് മിണ്ടാൻ ഭയമാണ്.
കർണാടക പ്രാന്തകൃഷി കൂലികാരസംഘം എന്ന നമ്മുടെ യൂണിയന് ശക്തിയുള്ള കേന്ദ്രങ്ങളിൽ പോരാട്ടം നടക്കുന്നു. നമുക്ക് പഞ്ചായത്തംഗങ്ങൾ ഉള്ളയിടങ്ങളിൽ എടിഎം കാർഡ് പ്രവർത്തിപ്പിക്കുന്ന രീതി തൊഴിലാളികൾക്ക് പഠിപ്പിച്ചു കൊടുത്ത് പ്രതിരോധം തീർത്തു. ജന്മീന്ദാർമാർക്കെതിരായി മിനിമംകൂലി സമരങ്ങളും നടക്കുന്നുണ്ട്. കൊപ്പൽ, മാണ്ഡ്യ, ചിക്കബല്ലാപുർ ഗുൽപർഗ, യാദ്ഗിരി ജില്ലകളിൽ യൂണിയന് മുന്നേറ്റമുണ്ടാക്കാനായി. മാണ്ഡ്യ ജില്ലയിൽമാത്രം യൂണിയൻ അംഗത്വം ലക്ഷം കടന്നു.
ആയിരം രൂപയെങ്കിലും കാർഷികമേഖലയിൽ ദിവസക്കൂലി കിട്ടുന്ന കേരളത്തിന്റെ തൊട്ടയൽ ജില്ലയായ ദക്ഷിണ കന്നഡയിൽപോലും നാനൂറിൽ താഴെയാണ് ദിവസക്കൂലി. ആ വൈരുധ്യംപോലും ഞങ്ങളുടെ നാട്ടിലെ കർഷകത്തൊഴിലാളികൾ മനസിലാക്കുന്നില്ലെന്ന് ചന്ദ്രപ്പ ഹൊസ്കരെ കൂട്ടിച്ചേർത്തു.