തിരുവനന്തപുരം
കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് തുറമുഖവുമായി മുന്നോട്ടുപോകാൻ സംസ്ഥാനസർക്കാർ തീരുമാനം. അനുബന്ധമായുള്ള ഇൻഡസ്ട്രിയൽ പാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയുടെ വികസനവും നടപ്പിലാക്കും. കരട് റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരംനൽകി. സിഎംഡി തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. വരുമാനത്തിന്റെ ഒരു ഭാഗം സർക്കാരിന് നൽകുന്നതിന് വ്യവസ്ഥയുണ്ടാക്കും. കേന്ദ്ര സർക്കാരിൽനിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾക്കും അംഗീകാരം നൽകി.
മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി രൂപീച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇതിന്റെ ചെയർമാൻ. 5000 ടിഇയു വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള ചരക്ക് കപ്പൽ അടുപ്പിക്കാനാകുന്ന തുറമുഖമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കൽ ഇൻവസ്റ്റിഗേഷൻ) പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് 2022 ജനുവരിയിൽ ലഭിച്ചു. കയറ്റുമതി – ഇറക്കുമതി വ്യാപാരം വർധിപ്പിക്കുന്നതിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. വ്യവസായ പാർക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടിയും മാസ്റ്റർപ്ലാനും തയ്യാറാക്കുകയാണ്.
തസ്തിക സൃഷ്ടിക്കും
പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിഭാഗം) എറണാകുളം സെക്ഷൻ ഓഫീസിൽ ഹൈക്കോടതിയുടെ പ്രവൃത്തികൾക്ക് മേൽനോട്ടത്തിനായി 55,200- –- 1,15,300 രൂപ ശമ്പള സ്കെയിലിൽ ഒരു അസിസ്റ്റന്റ് എൻജിനീയറുടെ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ടെൻഡർ അംഗീകരിക്കും
വഴയില –- പഴകുറ്റി –- കച്ചേരിനട –- പതിനൊന്നാംമൈൽ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്ലൈഓവർ നിർമാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തി ടെണ്ടർ അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അംഗീകാരം നൽകി
വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന, കഠിനംകുളം പഞ്ചായത്തിലെ കനാൽ പുറമ്പോക്കിൽ 112 കെട്ടിടങ്ങൾക്കായി 9,16,52,406 രൂപയുടെ അംഗീകൃത മൂല്യനിർണയത്തുകയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ജലനിധിയെ
ഉൾപ്പെടുത്തും
ജല അതോറിറ്റി നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതികൾക്കായി ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിക്ക് നൽകാൻ നിയമങ്ങളിൽ ഇളവുവരുത്തിയുള്ള ഉത്തരവിൽ ജലനിധിയെ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.