കൊച്ചി
ശ്വാസത്തിൽ ലഹരിമരുന്ന് ഗന്ധമുണ്ടെന്നതിന്റെ പേരിൽ ഒരാൾക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കാനാകില്ലെന്ന് ഹൈക്കോടതി. ഗന്ധമറിയാനുള്ള മനുഷ്യന്റെ ശേഷി ഒരേപോലെയല്ലെന്നും അത് തെളിവിനു പകരമാകില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ നടപടികൾ റദ്ദാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലമ്പുഴ സ്വദേശി ഇബ്നു ഷിജിൽ നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഘ്രാണശക്തി തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിയിൽനിന്ന് ലഹരിവസ്തു പിടിച്ചെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചതിന് വൈദ്യപരിശോധനാ തെളിവുകളുമില്ല. ഗന്ധത്തിന്റെ പേരിൽ പ്രോസിക്യൂഷന് അനുമതി നൽകിയാൽ അന്വേഷണ ഉദ്യോഗസ്ഥന് ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യങ്ങളുണ്ടാകുമെന്നും കോടതി വിലയിരുത്തി. 2023 ജനുവരി മൂന്നിന് മലമ്പുഴ ഡാമിനുസമീപം ഇരിക്കുകയായിരുന്ന ഇബ്നു ഷിജിൽ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് പൊലീസിനെ കണ്ട് ഡാമിലേക്ക് എറിഞ്ഞു. എന്നാൽ, ഇയാളുടെ ശ്വാസത്തിൽ കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടെന്ന പേരിലാണ് മലമ്പുഴ പൊലീസ് കേസെടുത്തിരുന്നത്.