മാഡ്രിഡ് > ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് അന്തരിച്ചു. 117 വയസായിരുന്നു. വാർധക്യസഹജമായ കാരണങ്ങളാൽ സ്പെയിനിലെ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. മരിയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ബന്ധുക്കളാണ് മരണ വിവരം അറിയിച്ചത്.
110 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കണക്കുകൾ സൂക്ഷിക്കുന്ന ജെറോന്റോളജി റിസർച് ഗ്രൂപ്പ് ആണ് മരിയ ബ്രൻയാസിനെ ഏറ്റവും പ്രായമുള്ള വ്യക്തിയായി രേഖപ്പെടുത്തിയത്. 2023 ജനുവരിയിൽ മരിയ ബ്രന്യാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചിരുന്നു. ജപ്പാനിൽ നിന്നുള്ള ടോമികോ ഇട്ടൂക്കയാണ് (116 വയസ്) ഇനി ലോകത്തിൽ ഏറ്റവും പ്രായമുള്ള വ്യക്തി.
1907 മാര്ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില് പത്രപ്രവര്ത്തകനായിരുന്ന മരിയയുടെ പിതാവ് ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില് സ്ഥിര താമസമാക്കി. 1931-ന് ഡോക്ടറായ ജോണ് മോററ്റിനെ വിവാഹം ചെയ്ത മരിയ നഴ്സായി ജോലി ചെയ്തു. 1976-ല് മരിയയുടെ ഭര്ത്താവ് മരിച്ചു. ഇവര്ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില് ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയിരുന്നു.