കൊച്ചി
കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ക്യാപ്റ്റനായി ഐപിഎൽ താരവും പേസ് ബൗളറുമായ ബേസിൽ തമ്പിയെ പ്രഖ്യാപിച്ചു. രഞ്ജി താരമായിരുന്ന സെബാസ്റ്റ്യൻ ആന്റണിയാണ് മുഖ്യപരിശീലകൻ. കൊച്ചി ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസിയും ടീം ഉടമ സുഭാഷ് മാനുവലും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസിലാണ് ടീമിന്റെ ഐക്കൺ താരവും. ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി.
കായികമേഖലയിൽ മികച്ച പ്രതിഭകളെ കണ്ടെത്തി വളർത്താൻ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച മത്സരം കാണാൻ അവസരമൊരുങ്ങുമെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യുകെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വർഷംമുതൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഇന്റർനാഷണൽ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
രഞ്ജി താരവും വിക്കറ്റ് കീപ്പറുമായ സി എം ദീപക്കാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. എസ് അനീഷ് ബൗളിങ് കോച്ചാണ്. ഫിസിയോതെറാപ്പിസ്റ്റ്-: എ ആര് സമീഷ് , ത്രോഡൗണ് സ്പെഷ്യലിസ്റ്റ്-:ഗബ്രിയേല് ബെന് കുര്യന്, പെര്ഫോമന്സ് അനലിസ്റ്റ്-: സജി സോമസുന്ദരം, ട്രെയിനര്-: ക്രിസ്റ്റഫര് ഫെര്ണാണ്ടസ്, ടീം കോര്ഡിനേറ്റര്:- വിശ്വജിത്ത് രാധാകൃഷ്ണന്.