തിരുവനന്തപുരം
കോവിഡിനു ശേഷവും കേരളത്തിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ആഗോള ആയുർവേദ ഉച്ചകോടി ചെയർമാൻ ഡോ. എസ് സജികുമാർ. പുതിയ രോഗങ്ങളുണ്ടാകുമ്പോള്‍ അതിവേഗം സ്ഥിരീകരിക്കുന്നത് കേരളത്തിന്റെ ആരോഗ്യജാഗ്രത, നിരീക്ഷണം എന്നിവയിലെ കാര്യക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. ഇത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി അഡ്ലക്സ് അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ 29നും 30നും നടക്കുന്ന ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയുടെയും പതിനൊന്നാമത് കേരള ഹെൽത്ത് ടൂറിസം പതിപ്പിന്റെയും പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ആയുഷ് മന്ത്രാലയം എന്നിവയുടെ സഹകരണത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മെഡിസിൽ വാല്യൂ ടൂറിസം, ആയുർവേദത്തിന്റെ നവീകരണം, ഗവേഷണം, സ്റ്റാർട്ടപ് അവസരങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങളുടെ ആഗോള വിപണി തുടങ്ങിയ സാധ്യതകളും ചർച്ച ചെയ്യും. എൺപതോളം പ്രദർശകരും 3000 വാണിജ്യ സന്ദർശകരും പങ്കെടുക്കും. ഒമാൻ, ബംഗ്ലാദേശ്, സ്വിറ്റ്സർലൻഡ്, റഷ്യ, ഫ്രാൻസ്, കെനിയ, ടാൻസാനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.