ഗാസ സിറ്റി > ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 40, 000 കടന്നു. ഇന്ന് 40 പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 40, 134 ആയി. 92, 743 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏറെയും. ഒക്ടോബർ 7 മുതലാണ് ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയത്. 17,000 കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ട് വയസിന് താഴെയുള്ള 2,100 കുട്ടികളും ഇതിൽപ്പെടും.
25 വർഷത്തിനു ശേഷം ഗാസയിൽ ആദ്യമായി പോളിയോയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി താൽക്കാലിക വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ജൂലൈയിൽ ഗാസയിലെ പലയിടങ്ങളിൽ നിന്ന് ശേഖരിച്ച മലിനജലത്തിൽ ടൈപ്പ് ടു പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.